മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴ

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്…

By :  Editor
Update: 2021-07-07 04:04 GMT

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദ സ്വയം പിന്മാറി. തന്നെ അപകീർത്തിപ്പെടുത്താൻ ആസൂത്രിതമായ നീക്കങ്ങളുണ്ടായെന്ന് കൗശിക് ചന്ദ നിരീക്ഷിച്ചു.

മമത ബാനർജിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചുക്കൊണ്ടാണ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് സ്വയം പിന്മാറിയത്. സാധാരണ നിലയിൽ പിന്മാറൽ ആവശ്യം കോടതിയിലാണ് ഉന്നയിക്കുന്നത്. എന്നാൽ, തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുക്കൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസിന് കത്ത് കൊടുക്കുകയായിരുന്നു മമത ബാനർജി. 2016ൽ ബിജെപിയുടെ നിയമകാര്യ സെല്ലിന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാക്കൾ ശേഖരിച്ചു വച്ചിരുന്നു. താൻ ഹർജി പരിഗണിക്കുന്നതിൽ നിന്ന് തടയാൻ, മാനസികമായി ബുദ്ധിമുട്ടിക്കുന്നത് അടക്കം ആസൂത്രിത ശ്രമങ്ങളുണ്ടായി. ഈ സാഹചര്യത്തിൽ മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിടുകയാണെന്ന് ജസ്റ്റിസ് കൗശിക് ചന്ദ വ്യക്തമാക്കി. മമതയുടെ തെരഞ്ഞെടുപ്പ് ഹർജിയിൽ വാദം കേൾക്കില്ല.

സംസ്ഥാന രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്തുള്ളവരാണ് കേസിലെ കക്ഷികൾ. അവസരം മുതലെടുക്കുന്നവർ ജുഡിഷ്യറിയുടെ സംരക്ഷകരെന്ന മട്ടിൽ അവതരിച്ചിട്ടുണ്ട്. താൻ പിന്മാറിയില്ലെങ്കിൽ ഈ പ്രശ്നക്കാർ വിവാദം സജീവമാക്കി നിർത്തുമെന്നും ജസ്റ്റിസ് കൗശിക് ചന്ദ നിരീക്ഷിച്ചു. നന്ദിഗ്രാമിലെ ബിജെപിയുടെ സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മമത ബാനർജിയുടെ ഹർജിയാണ് കൊൽക്കത്ത ഹൈക്കോടതിക്ക് മുന്നിലുള്ളത്.

Tags:    

Similar News