കേരളത്തിനു നഷ്ട്ടം ; തെലുങ്കാനയില്‍ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കിറ്റെക്സ്
തെലുങ്കാനയില്‍ ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കിറ്റെക്സ് കമ്പനി. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടെക്സ്‌റ്റൈല്‍സ് അപ്പാരല്‍ പ്രോജക്റ്റ് വാരങ്കലിലെ കാകത്തിയ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കിലാകും…
തെലുങ്കാനയില്‍ ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കിറ്റെക്സ് കമ്പനി. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടെക്സ്‌റ്റൈല്‍സ് അപ്പാരല്‍ പ്രോജക്റ്റ് വാരങ്കലിലെ കാകത്തിയ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കിലാകും നടപ്പാക്കുക. വേഗത്തില്‍ തീരുമാനമെടുത്ത കിറ്റെക്സ് ഗ്രൂപ്പിന് തെലുങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു നന്ദി അറിയിച്ചു.
8 മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് 1000 കോടി രൂപയുടെ ടെക്സ്‌റ്റൈല്‍സ് അപ്പാരല്‍ പ്രോജക്റ്റ് തുടങ്ങാന്‍ കിറ്റൈക്സ് ഗ്രൂപ്പും തെലുങ്കാന സര്‍ക്കാരും തമ്മില്‍ ധാരണയായത്. ഉച്ചയ്ക്ക് നടന്ന കൂടിക്കാഴ്ച്ചയില്‍ വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമരാവു തെലുങ്കാന സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വാരങ്കലിലെ കാകത്തിയ മെഗാ ടെക്സ്‌റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്സ് സംഘം എത്തി. പദ്ധതി നടപ്പാക്കാനുള്ള സൗകര്യങ്ങള്‍ നേരില്‍ കണ്ടു. ഇതിനുശേഷം ഹൈദരാബാദിലെത്തി കെ ടി രാമറാവുമായുള്ള ചര്‍ച്ചയിലാണ് 1000 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
രണ്ട് വര്‍ഷം കൊണ്ട് 4000 തെലുങ്കാന സ്വദേശികള്‍ക്ക് പദ്ധതി തൊഴില്‍ വാഗ്ദാനം ചെയ്യുന്നു. ആദ്യഘട്ട പദ്ധതിയുടെ പുരോഗതിയുടെ അടിസ്ഥാനത്തിലാകും തുടര്‍ നിക്ഷേപമെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ് തെലുങ്കാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മൂലധന സബ്സിഡിയടക്കം വന്‍ വാഗദാനങ്ങളാണ് കിറ്റെക്സ് ഗ്രൂപ്പിന് തെലുങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.
നേരത്തെ കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ കിറ്റെക്സ് ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നെങ്കിലും കമ്പനിയിലെ തുടര്‍ച്ചായ ഉദ്യോഗസ്ഥ പരിശോധനയില്‍ പ്രതിഷേധിച്ചായിരുന്നു മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ഇത് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ കിറ്റെക്സ് ഗ്രൂപ്പിനെ ഔദ്യോഗികമായി ക്ഷണിച്ചത്. തെലുങ്കാനയടക്കം 9 സംസ്ഥാനങ്ങളാണ് കിറ്റെക്സിനെ പദ്ധതി നടപ്പാക്കാന്‍ സമീപിച്ചിരുന്നത്.