കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജർ അടക്കം നാല് പ്രതികൾ അറസ്റ്റിൽ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മാനേജർ അടക്കം പ്രധാന പ്രതികളായ നാലു പേരെ പൊലീസ് പിടികൂടി. തൃശൂർ അയ്യന്തോളിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.ബാങ്ക് മാനേജർ…
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മാനേജർ അടക്കം പ്രധാന പ്രതികളായ നാലു പേരെ പൊലീസ് പിടികൂടി. തൃശൂർ അയ്യന്തോളിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.ബാങ്ക് മാനേജർ ബിജു കരിം, സെക്രട്ടറി സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്റ് ജിൽസ്, കമ്മീഷൻ ഏജന്റ് ബിജോയ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കിലെ തട്ടിപ്പ് വിവരം പുറത്തായതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
അറസ്റ്റിലായ മൂന്ന് പേരും സി.പി.ഐ.എമ്മുമായി ബന്ധമുള്ളവരാണ്. ബിജു കരീം പൊറത്തിശേരി ലോക്കൽ കമ്മറ്റിയിലും സുനിൽ കുമാർ കരുവന്നൂർ ലോക്കൽകമ്മറ്റി അംഗവുമാണ്. ജിൽസ് പാർട്ടി അംഗവുമാണ്. ബാങ്കിലെ അഴിമതിയിൽ പാർട്ടി അന്വേഷണക്കമ്മിഷന്റെയും സഹകരണവകുപ്പിന്റെയും നിർദേശം സർക്കാർ അവഗണിച്ചത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
നാലരപ്പതിറ്റാണ്ടായി സി.പി.എം. ഭരണസമിതി ഭരിക്കുന്ന ബാങ്കിലാണ് 100 കോടിയിലേറെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്നതെന്നതിനാൽ അത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പാർട്ടി സംസ്ഥാനതലത്തിൽ വിലയിരുത്തിയിരുന്നു.കർശനനടപടി വേണമെന്ന നിലപാടിലായിരുന്നു പാർട്ടിയെങ്കിലും ആസന്നമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ഭയന്ന് റിപ്പോർട്ട് പൂഴ്‌ത്തുകയായിരുന്നെന്നുവാണ് റിപ്പോർട്ട്.