Latest നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിൽ 158 പേർ, രണ്ട് പേർക്ക് ലക്ഷണം
കോഴിക്കോട്: നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരെന്ന് കണ്ടെത്തി. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങൾ ഉള്ളതായും കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ…
കോഴിക്കോട്: നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരെന്ന് കണ്ടെത്തി. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങൾ ഉള്ളതായും കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ.
സ്ഥിതി അവലോകനം ചെയ്യാൻ കോഴിക്കോട് ജില്ലാ കളക്ട്രേറ്റിൽ ഉന്നതതല യോഗം നടക്കുന്നുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജ്ജ് കോഴിക്കോടെത്തി. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും സവിശേഷ സാഹചര്യം പരിഗണിച്ച് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം നിപബാധയെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പനി ബാധിച്ച് എത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നില്ല. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ രോഗപ്രതിരോധമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടിക്ക് രോഗം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.