ഉപ്പിന്‍റെ ഉപയോഗം കൂടിയാൽ…!.. അറിയാം

Update: 2024-12-17 14:20 GMT

ആഹാരത്തിന് രുചി കൂട്ടുന്നതിൽ ഉപ്പ് പ്രധാന ഘടകമാണ്. മാത്രമല്ല ചില ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും ഉപ്പ് ആവശ്യമാണ്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്. എന്നാൽ കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

Full View

ഉപ്പിന്റെ അമിത ഉപയോഗം ആമാശയത്തില്‍ അര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാകും.

ഉപ്പ് ധാരാളം അടങ്ങിയ അച്ചാറും ഉണക്കമീനും പാക്കറ്റ് ഫുഡും പതിവാക്കുന്നത് വയറിൽ കാൻസറുണ്ടാക്കും. ജനിതകമായി കാന്‍സര്‍ സാധ്യതയുള്ളവരോ നിലവില്‍ ദഹനനാള പ്രശ്നങ്ങളോ ഉള്ളവരോ അമിതമായി ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കും.

വൃക്കകൾക്കും തകരാറുകൾ സംഭവിക്കാം. ശരീരത്തിൽ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പ്രധാന അവയവമാണ് വൃക്കകൾ. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം വൃക്കകൾക്ക് സമ്മര്‍ദം ഉണ്ടാക്കുകയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഉപ്പിന്‍റെ ഉപയോഗം കൂടിയാൽ മൂത്രത്തിലൂടെ കൂടിയ അളവിൽ കാൽസ്യം പുറന്തള്ളാൻ ഇടയാക്കും. ഇത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും ഓസ്റ്റിയോ പോറോസിസിന് കാരണമാകുകയും ചെയ്യുന്നു.

സോഡിയത്തിന്റെ അളവ് ശരീരത്തിൽ കൂടുന്നത് രക്തക്കുഴലുകളിൽ സമ്മർദം കൂട്ടും. രക്തസമ്മർദം കൂടിയാൽ ഹൃദ്രോഗസാധ്യതയും കൂടുന്നു. പക്ഷാഘാതം, ഹൃദയത്തകരാറുകൾ എന്നിവക്കും സാധ്യതയുണ്ട്. ആഹാരത്തിൽ അധികമായി ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ബൗദ്ധിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ഇത് മറവിയിലേക്കും ഓർമശക്തിയുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂട്ടുകയും ചെയ്യും.

ആരോഗ്യത്തോടെയിരിക്കണമെങ്കിൽ നിശ്ചിത അളവിൽ കൂടുതൽ ഉപ്പ് കഴിക്കരുത്. ഉപ്പുള്ള ലഘുഭക്ഷണങ്ങളും പ്രോസസ്‌ഡ്‌ ഫുഡും ഒഴിവാക്കണം. മുതിർന്നവർ ദിവസം അഞ്ച് ഗ്രാമിൽ താഴെയും കുട്ടികൾ മുതിർന്നവരെക്കാൾ കുറഞ്ഞ അളവിലും മാത്രമേ ഉപ്പ് ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു. 

Tags:    

Similar News