അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം; മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാര്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മാത്രമാണ് മരിച്ച ആണ്‍കുഞ്ഞിന് പ്രായം. കോട്ടത്തറ ട്രൈബല്‍…

;

By :  Editor
Update: 2022-01-10 01:17 GMT

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാര്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മാത്രമാണ് മരിച്ച ആണ്‍കുഞ്ഞിന് പ്രായം. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യലിറ്റി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

അട്ടപ്പാടിയില്‍ തുടര്‍ച്ചയായി ശിശു മരണം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടിക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ നടപടികള്‍ പുരോഗമിക്കെയാണ് വീണ്ടും ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഒരുമാസം മുന്‍പ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായിരുന്നു ഇതിന് മുന്‍പത്തെ സംഭവം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇതിന് പിന്നാലെ അട്ടപ്പാടിയിലെ ഗുരുതര അവസ്ഥകള്‍ വെളിപ്പെടുത്തുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി അതീവ ഗുരുതരമെന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട്. അട്ടപ്പാടിയിലെ ശിശു മരണത്തെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

നിലവില്‍ അട്ടപ്പാടിയിലെ 58 ശതമാനം ഗര്‍ഭിണികളും ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നായിരുന്നു റിപോര്‍ട്ട് സൂചിപ്പിച്ചത്. മാത്രമല്ല നാലിലൊന്ന് ഗര്‍ഭിണികള്‍ക്കും ആവശ്യമായ ശരീരഭാരം ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗര്‍ഭിണികളെ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News