തിരുവനന്തപുരത്ത് ഇനി സിൻഡ്രോമിക് മാനേജ്മെൻ്റ്; പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധിച്ച രണ്ടിലൊരാൾ പോസീറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. പരിശോധനകളുടെയും…
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധിച്ച രണ്ടിലൊരാൾ പോസീറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. പരിശോധനകളുടെയും ടിപിആറിന്റെയും പ്രസക്തി കഴിഞ്ഞ ഘട്ടത്തിലാണ് ജില്ലയിപ്പോൾ. കർമ്മപദ്ധതിയില നിർദേശ പ്രകാരം പരിശോധനകൾക്ക് ഇനി സിൻഡ്രോമിക് മാനേജ്മന്റ് രീതിയാണ് അവലംബിക്കുക. രോഗലക്ഷണങ്ങളുള്ളയാളുകൾ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ തന്നെ പോസീറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങൾ പാലിക്കണമെന്നതാണ് അറിയിപ്പ്.
ലക്ഷണങ്ങളുള്ളവർ സ്വയം പോസിറ്റിവായി കണക്കാക്കി കർശന ഐസോലേഷൻ പാലിക്കേണ്ടിവരും. കൊവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് പരിശോധയിൽ മുൻഗണന നൽകി ചികിത്സ നൽകാനും ഊന്നൽ നൽകും. ആരോഗ്യവകുപ്പിന്‍റെ കർമ്മപദ്ധതി പ്രകാരമാണ് പുതിയ മാറ്റങ്ങൾ. താഴേത്തട്ടിൽ കൂടുതൽ സി എഫ് എൽ ടി സികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേശമുണ്ട്. അതേസമയം ഗുരുതരമാകാൻ സാധ്യതയുള്ളവർ പരിശോധന നടത്തണം. കൃത്യസമയം ചികിത്സ തേടുകയും വേണം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
രോഗികളുടെ എണ്ണം ഉയർന്ന ഘട്ടത്തിൽ ചികിത്സയിലും ഗുരുതരമാകാൻ സാധ്യതയുള്ളവർക്കാണ് മുൻഗണന. അതേസമയം ഗുരുതരമാകുന്നവരുടെ എണ്ണം വളരെ കുറവാണെന്നത് ഈ ഘട്ടത്തിൽ ആശ്വാസമാണ്. വ്യാപന നിയന്ത്രണത്തിന് ക്ലസ്റ്ററുകളും മൈക്രോ കണ്ടെയിന്മേന്റ് സോണുകളും തിരിച്ചറിഞ്ഞ് പ്രതിരോധത്തിനാണ് ഊന്നൽ. താലൂക്കാശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകൾ വരെ കോവിഡിനായി പ്രത്യേകം കിടക്കകൾ ഒരുക്കുകയും ഇവയുടെ എണ്ണം കൂട്ടുകയും വേണം. ഓക്സിജൻ വാർ റൂം ക്രമീകരിക്കും. കോവിഡിതര ചികിത്സകൾ എമർജൻസി കേസുകൾക്ക് മാത്രമായി നിയന്ത്രിക്കണം. സർക്കാരാശുപത്രികൾ ശേഷിയുടെ 70 ശതമാനം പിന്നിട്ടാൽ പിന്നീട് സ്വകാര്യ മേഖലയെ ആശ്രയിക്കും.
അതേസമയം മുന്നറിയിപ്പിന്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ജില്ലയിൽ ഒരുതരത്തിലുള്ള ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈനാക്കും. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.