ലോകത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു; തെറ്റായ വിവരങ്ങള്‍ വ്യാപനത്തിന് ഇടയാക്കുമെന്ന് WHO

ജെനീവ: ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ വിലയിരുത്തലുമായി ലോകാരോഗ്യ സംഘടന. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കം നിരവധി ഘടകങ്ങള്‍ പുതിയ കോവിഡ് വ്യാപനത്തിന്…

By :  Editor
Update: 2022-03-20 01:32 GMT

ജെനീവ: ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ വിലയിരുത്തലുമായി ലോകാരോഗ്യ സംഘടന. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കം നിരവധി ഘടകങ്ങള്‍ പുതിയ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗ മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

കോവിഡ് അവസാനിച്ചതായുള്ള തെറ്റായ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ ഇടയാക്കിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം അപകടമില്ലാത്തതാണെന്നും ഇത് അവസാനത്തെ വകഭേദമാണെന്നും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതും ജനങ്ങള്‍ക്കിടയില്‍ കോവിഡിനെതിരായ പ്രതിരോധ നടപടികളെ അവഗണിക്കാനും അങ്ങനെ രോഗവ്യാപനമുണ്ടാക്കാനും ഇടയാക്കുന്നുണ്ട്, അവര്‍ പറഞ്ഞു.

ഇതുവരെയുള്ളതില്‍ ബിഎ.2 ആണ് ഏറ്റവും വ്യാപനശേഷിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ബിഎ.2 -ഉം ബിഎ.1-ഉം തമ്മില്‍ രോഗതീവ്രതയില്‍ വ്യത്യാസമുള്ളതായി കാണുന്നില്ല. എന്നാലും രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാനും മരണസംഖ്യ ഉയരാനും ഇടയാക്കിയേക്കാം, മരിയ വാന്‍ കെര്‍ഖോവ് വ്യക്തമാക്കി. ലോകത്താകമാനം തൊട്ടു മുന്‍പത്തെ ആഴ്ചയെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ആഴ്ച കോവിഡ് കേസുകള്‍ എട്ട് ശതമാനം വര്‍ധിച്ച് 1.1 കോടി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 30 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 99.9 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. ഇതില്‍ 75 ശതമാനം ബിഎ.2-ഉം 25 ശതമാനം ബിഎ.1-ഉം ആണ്. എന്നാല്‍ കോവിഡ് പരിശോധനയുടെ തോതില്‍ അടുത്തിടെ വലിയ കുറവ് വന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

Tags:    

Similar News