നിയമവിരുദ്ധ പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സംഘടനയുമായി ബന്ധമുള്ള 33 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
കേരളത്തിലെ സമീപകാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ കർശന നടപടിയുമായി ഇഡി. പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇഡി സംഘടനയുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ…
;കേരളത്തിലെ സമീപകാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ കർശന നടപടിയുമായി ഇഡി. പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇഡി സംഘടനയുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു.
68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടും. ആകെ 33 അക്കൗണ്ടുകൾ ആണ് മരവിപ്പിച്ചത്. പി എഫ് ഐ യുടെ കേരളത്തിലെ സംസ്ഥാന നേതാവ് എം.കെ അഷ്‌റഫ് അടക്കം പ്രതിയായ കേസിലാണ് നടപടി. നേരത്തെ എ കെ അഷറഫിനെ ഇഡി ഡൽഹിയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തിയിരുന്നു.
ഗൾഫ് രാജ്യങ്ങളൽ നിന്നുള്ള ഫണ്ടുകൾ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിനായി ചിട്ടയായതും സംഘടിതവുമായ പ്രവർത്തനമാണ് പിഎഫ്ഐ നടത്തുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബർ എട്ടിന് ഡൽഹിയിൽനിന്നുള്ള ഇഡിയുടെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം മൂവാറ്റുപുഴയിലെ ഇയാളുടെ വീട്ടിൽ റെയ്ഡിന് എത്തിയത് കടുത്ത സംഘർഷാവസ്ഥയ്ക്കു വഴിവച്ചിരുന്നു. കൊറിയറുകാരൻ എന്നപേരിൽ ഒരാൾ എത്തി അഷറഫിനെ അന്വേഷിച്ചു കവർ കൈമാറി ആൾ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുകയായിരുന്നു. എന്നാൽ അപകടം മണത്തതോടെ അഷറഫ് സ്ഥലത്തുനിന്നു മുങ്ങുകയും അഞ്ഞൂറോളം വരുന്ന പ്രവർത്തകർ വീടു വളയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ആദ്യ ഘട്ടത്തിൽ സ്ത്രീകളും കുട്ടികളും മാത്രമാണു വീട്ടിലുള്ളത് എന്നതിനാൽ റെയ്ഡ് അനുവദിക്കാനാകില്ലെന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിലപാടെടുത്തു. ഇതിനു വഴങ്ങാതിരുന്ന സംഘം അകത്തു കയറി പരിശോധന നടത്തുകയായിരുന്നു.
ED has provisionally attached bank accounts of Popular Front of India and Rehab India Foundation having collective balance of Rs. 68,62,081 under PMLA, 2002.
— ED (@dir_ed) June 1, 2022
തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രതിയായിരുന്ന ഇയാളെ എൻഐഎ അറസ്റ്റു ചെയ്തിരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികൾക്കു സാമ്പത്തിക സഹായം നൽകിയെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഇയാൾക്കെതിരെ എൻഐഎ ചുമത്തിയിരുന്ന കുറ്റം.അതേസമയം അഷറഫ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഡിജിറ്റൽ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാർ വില്ല വിസ്റ്റ പ്രൊജക്ട് ഉൾപ്പടെ കേരളത്തിലെ വിവിധ പദ്ധതികളുടെ പോപ്പുലർ ഫ്രണ്ട് കള്ളപ്പണ ഇടപാടുകൾ നടത്തുന്നതിന്റെ രേഖകളും കണ്ടെടുത്തു. മാത്രമല്ല, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിദേശത്തുള്ള സ്വത്തുവകകളെ സംബന്ധിച്ചുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും ഇഡിയുടെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം.കെ അഷറഫിനേയും മലപ്പുറത്തെ ഡിവിഷണൽ പ്രസിഡന്റായ പീടികയിൽ അബ്ദുൾ റസാഖിന്റെനേയും നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വൻ തോതിൽ കള്ളപ്പണം കേരളത്തിലെ അക്കൗണ്ടുകളിലേക്ക് ഒഴുക്കിയെന്നാണ് ഇഡി കണ്ടെത്തിയത്.