വീണ്ടും കോവിഡ് ആശങ്ക; ഏതാനും സ്കൂളുകൾ ഇ ലേണിങ്ങിലേക്ക്

യുഎഇയിൽ ചില സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇ–ലേണിങ് സൗകര്യം ഏർപ്പെടുത്തി. കോവിഡ് ബാധിതർക്ക് വീട്ടിൽ ഇരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം…

By :  Editor
Update: 2022-06-17 23:44 GMT

യുഎഇയിൽ ചില സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇ–ലേണിങ് സൗകര്യം ഏർപ്പെടുത്തി. കോവിഡ് ബാധിതർക്ക് വീട്ടിൽ ഇരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കണമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

സമ്പർക്കത്തിൽപ്പെട്ട, രോഗലക്ഷണമില്ലാത്തവർക്ക് സ്കൂളിലേക്കു വരാൻ അനുമതിയുണ്ടെങ്കിലും തുടർച്ചയായി ഏഴു ദിവസം നിരീക്ഷണ വിധേയമാക്കണം. ഈ വിഭാഗം കുട്ടികൾക്കും ആവശ്യമെങ്കിൽ ഇ–ലേണിങ് തിരഞ്ഞെടുക്കാം. കോവിഡ് ബാധിച്ച അധ്യാപകരും വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ് എടുത്താൽ മതിയാകും.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 10% വർധനയുണ്ടെന്ന് വിവിധ സ്കൂൾ അധികൃതരും പറഞ്ഞു. കോവിഡ് കാലങ്ങളിൽ നടത്തിയ ഹൈബ്രിഡ് പഠന രീതി ആവശ്യമെങ്കിൽ സ്വീകരിക്കാനും അനുമതിയുണ്ട്.രോഗമുള്ള വിദ്യാർഥികളെ സ്കൂളിൽ വിടരുതെന്നും വിദ്യാഭ്യാസ വിഭാഗവും സ്കൂൾ അധികൃതരും ഓർമിപ്പിച്ചു.

കോവി‍ഡ് സ്ഥിരീകരിച്ച വിദ്യാർഥികളും അധ്യാപകരും 10 ദിവസം വീട്ടിൽ കഴിഞ്ഞ ശേഷം സ്കൂളിൽ എത്തിയാൽ മതി. തുടർച്ചയായി 2 പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലം ലഭിച്ചാൽ സ്കൂളിലേക്കു തിരിച്ചെത്താം. സ്കൂളിനകത്ത് മാസ്ക് നിർബന്ധം. പ്രാദേശിക, വിദേശ സിലബസിലുള്ള വിദ്യാർഥികൾക്ക് വാർഷിക പരീക്ഷയും ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പാദവർഷ പരീക്ഷകളും നടക്കുകയാണ്.

വാർഷിക പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് മുൻകാലങ്ങളിലെ പരീക്ഷയുടെയും ക്ലാസ് ടെസ്റ്റുകളുടെയും ശരാശരി കണക്കാക്കി ഫലപ്രഖ്യാപനം നടത്താനാണ് നിർദേശം.

Tags:    

Similar News