കനയ്യ ലാൽ വധം: പ്രതികൾക്ക് ഐഎസുമായി ബന്ധം; തീവ്രവാദികൾ ജയ്പുരിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു

ജയ്പുർ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് നിരോധിത ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന്…

By :  Editor
Update: 2022-06-30 01:12 GMT

ജയ്പുർ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് നിരോധിത ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. മാർച്ച് 30ന് ജയ്പുരിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ഒരാൾക്ക് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദാവത് ഇ ഇസ്‌ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു

ദാവത് ഇ ഇസ്‌ലാമി വഴി ഐഎസുമായി ബന്ധമുള്ള അൽ-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി. ഇയാൾക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരൻ മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാൻ പോവുകയായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.

കനയ്യ ലാലിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴുത്തിലും തലയിലും കയ്യിലും മുതുകിലും നെഞ്ചിലുമാണ് മുറിവുകൾ. കനയ്യ ലാലിന്റെ പോസ്റ്റ്‌മോർട്ടം ബുധനാഴ്ച രാവിലെ നടത്തിയിരുന്നു.

അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് സന്ദർശിക്കും. കനയ്യ ലാലിന്റെ കുടുംബത്തിന് ഗെലോട്ട് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിനെതിരായ പ്രതിഷേധത്തിനിടെ ഭീമിൽ (രാജ്സമന്ദ്) പരുക്കേറ്റ പൊലീസ് കോൺസ്റ്റബിളിനെയും ഗെലോട്ട് വൈകിട്ട് സന്ദർശിക്കും.

Tags:    

Similar News