മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്; ബിജെപി പിന്തുണയോടെ ഇനി ഏക്നാഥ് ഷിൻഡെ നയിക്കും
ഒരാഴ്ചയിലേറെ നീണ്ടുനിന്ന രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകീട്ട് 7.30 ന് സത്യപ്രതിജ്ഞാ…
ഒരാഴ്ചയിലേറെ നീണ്ടുനിന്ന രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകീട്ട് 7.30 ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. മുംബൈയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം അറിയിച്ചത്.
സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും ശിവസേന-ബിജെപി നേതാക്കൾ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഫഡ്‌നാവിസ് അറിയിച്ചു. താൻ സർക്കാരിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് ഫഡ്‌നാവിസിന്റെ പ്രഖ്യാപനം.
രണ്ട് വർഷവും 213 ദിവസവും നീണ്ടുനിന്ന മഹാവികാസ് അഗാഡി സർക്കാരിന്റെ ഭരണത്തിന് ഇന്നലെയാണ് തിരശ്ശീല വീണത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചതോടെ പരാജയം ഉറപ്പിച്ച സാഹചര്യത്തിലാണ് ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ധവ് രാജി സന്നദ്ധത അറിയിച്ചത്.
തുടർന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണ ചർച്ചകൾ നടത്തി. ഏക്‌നാഥ് ഷിൻഡെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്താൻ തീരുമാനമായത്. ഗോവയിലുള്ള ശിവസേന നേതാക്കൾ നാളെ മുംബൈയിലെത്തും. ഉദ്ധവ് താക്കറെ ഇല്ലാതാക്കിയ സഖ്യമാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മഹാരാഷ്‌ട്രയിൽ വീണ്ടും രൂപപ്പെട്ടിരിക്കുന്നത്.