അബോർഷൻ ക്ലിനിക്കുകളിലെ സന്ദർശനം ; ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കില്ല ; പുതിയ നീക്കവുമായി ഗൂഗിൾ
യു.എസിൽ അബോർഷൻ ക്ലിനിക്കുകൾ സന്ദർശിക്കുന്നതിന്റെ ലൊക്കേഷൻ ഹിസ്റ്ററി നീക്കം ചെയ്യുന്നു. ഇതിനുള്ള നടപടികൾ ഗൂഗിൾ ആരംഭിച്ചു. ഇത്തരം സ്ഥലങ്ങളിൽ സ്വകാര്യത ആവശ്യമായതിനാലാണ് പുതിയ നടപടി. വരും ആഴ്ചകളിലാവും…
യു.എസിൽ അബോർഷൻ ക്ലിനിക്കുകൾ സന്ദർശിക്കുന്നതിന്റെ ലൊക്കേഷൻ ഹിസ്റ്ററി നീക്കം ചെയ്യുന്നു. ഇതിനുള്ള നടപടികൾ ഗൂഗിൾ ആരംഭിച്ചു. ഇത്തരം സ്ഥലങ്ങളിൽ സ്വകാര്യത ആവശ്യമായതിനാലാണ് പുതിയ നടപടി.
വരും ആഴ്ചകളിലാവും ഈ മാറ്റങ്ങൾ നിലവിൽ വരുക. ഇത്തരം സ്ഥലങ്ങളിൽ ആരെങ്കിലും സന്ദർശനം നടത്തിയാൽ സിസ്റ്റം അത് സ്വയം തിരിച്ചറിയുകയും വിസിറ്റിന് തൊട്ടുപിന്നാലെ എൻട്രികൾ ഹിസ്റ്ററിയിൽ നിന്ന് മായ്ച്ച് കളയുകയും ചെയ്യും. ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്സ്പാട്രികാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.വെയിറ്റ് ലോസ് ക്ലിനിക്കുകൾ ,അഡ്ക്ഷൻ ട്രീറ്റമെന്റ് കേന്ദ്രങ്ങൾ, ഫെർട്ടിലിറ്റി സെന്ററുകൾ, എന്നിവ സന്ദർശിക്കുന്നതും ഹിസ്റ്ററിയിൽ നിന്ന് സ്വയം നീക്കം ചെയ്യപ്പെടും. ഇത്തരം സ്ഥലങ്ങളുടെ വിവരങ്ങൾ ഒന്നും ഗൂഗിൾ ശേഖരിക്കില്ല.
ഗർഭഛിദ്രം ഭരണഘടനാ അവകാശമല്ലെന്ന് അമേരിക്കൻ സുപ്രീംകോടതി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിധി പുറപ്പെടുവിച്ചിരുന്നു. പിന്നാലെ തന്നെ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നവരുടെ ഹിസ്റ്ററി വിവരങ്ങൾ ശേഖരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഗൂഗിളിനോടും മറ്റ് ടെക് ഭീമന്മാരോടും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗൂഗിളിന്റെ പുതിയ നീക്കം.
ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കപ്പെട്ടാൽ അബോർഷൻ സംബന്ധിച്ച അന്വേഷണങ്ങൾക്കും വിചാരണക്കും ഈ ഡിജിറ്റൽ തെളിവുകൾ ഉപയോഗിക്കപ്പെടും . ഈ സാഹചര്യത്തിലാണ് അവ നീക്കം ചെയ്യാൻ പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്.