പഴയ വീടിന് നമ്പര്‍ പുതുക്കിനല്‍കാന്‍ കൈക്കൂലി; പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് അറസ്‌റ്റില്‍
അടിമാലി: പഴയ വീടിന് നമ്പര്‍ പുതുക്കിനല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് അറസ്‌റ്റില്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായ അടൂര്‍ പറക്കോട് മുണ്ടയ്‌ക്കല്‍ പുതിയവീട്ടില്‍ എസ്. മനോജി(42)നെയാണ്…
അടിമാലി: പഴയ വീടിന് നമ്പര്‍ പുതുക്കിനല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് അറസ്‌റ്റില്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായ അടൂര്‍ പറക്കോട് മുണ്ടയ്‌ക്കല്‍ പുതിയവീട്ടില്‍ എസ്. മനോജി(42)നെയാണ് വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
വില്ലേജ് ഓഫീസറായി റിട്ടയര്‍ ചെയ്‌ത വനിതയോട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി: ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം മനോജിനെ പിടികൂടിയത്. പരാതിക്കാരിക്ക് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പഴയ വീടുണ്ടായിരുന്നു. ജോലിസംബന്ധമായി വയനാട്ടിലായിരുന്നതുകൊണ്ട് ഏതാനും വര്‍ഷങ്ങളായി അതിന്റെ നികുതി അടയ്‌ക്കാന്‍ കഴിഞ്ഞിരുന്നില്ല. നാട്ടില്‍ തിരിച്ചെത്തി പഞ്ചായത്തില്‍ നികുതി അടയ്‌ക്കാനെത്തിയപ്പോള്‍ പഴയ നമ്പര്‍ റദ്ദായെന്നായിരുന്നു മറുപടി. വീടിന്റെ പ്ലാന്‍ അടക്കമുള്ള രേഖകള്‍ എത്തിക്കാനും പറഞ്ഞു. ഇതുമായി എത്തിയപ്പോഴാകട്ടെ, പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പിന്നീട് നല്‍കാമെന്നു പറഞ്ഞിട്ട് ഉദ്യോഗസ്‌ഥര്‍ സമ്മതിച്ചില്ലെന്നു പരാതിയിലുള്ളതായി വിജിലന്‍സ് സംഘം പറഞ്ഞു.
തുടര്‍ന്ന് എണ്ണായിരം രൂപ നല്‍കാമെന്നു സമ്മതിച്ചതോടെ പണം വാങ്ങാന്‍ പഞ്ചായത്തിനു സമീപത്തുള്ള കാനറ ബാങ്കിനടുത്ത് മനോജ് എത്തി. വനിത ഇതിനോടകം വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകള്‍ അവര്‍ മനോജിനു കൈമാറി. തുടര്‍ന്നാണ് സംഘം ഇയാളെ പിടികൂടിയത്. പഞ്ചായത്ത് ഓഫീസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മനോജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മൂന്നു മാസം മുന്‍പാണ് മനോജ് അടിമാലിയില്‍ ജോലിക്കെത്തിയത്. ഡിവൈ.എസ്.പി, സി.ഐമാരായ ടിപ്‌സന്‍, സ്‌റ്റാന്‍ലി തോമസ്, രമേഷ്, വനിതാ ഉദ്യോഗസ്‌ഥ രഞ്‌ജിനി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.