കെട്ടിടത്തിന്റെ ടെറസിൽനിന്നു വീണ യുവാവ് 11 കെവി ലൈനിൽ തട്ടി റോഡിലേക്ക്; ദാരുണാന്ത്യം

Kottayam : കുമരകം; ബോട്ട് ജെട്ടി ഓട്ടോറിക്ഷാ സ്റ്റാൻഡിന് എതിർവശത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനിൽ തട്ടി താഴെ…

;

By :  Editor
Update: 2022-08-09 23:25 GMT

Kottayam : കുമരകം; ബോട്ട് ജെട്ടി ഓട്ടോറിക്ഷാ സ്റ്റാൻഡിന് എതിർവശത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനിൽ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു. ഇടുക്കി ചെറുതോണി കരിമ്പൻമണിപ്പാറ കോച്ചേരിക്കുടിയിൽ ജോളിയുടെ മകൻ അമൽ (24) ആണു മരിച്ചത്. സൂരി ഹോട്ടലിലെ ജീവനക്കാരനാണ്. 10 മാസം മുൻപാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണു സംഭവം. മറ്റൊരു സ്ഥലത്തു താമസിക്കുന്ന അമൽ ബോട്ട് ജെട്ടിയിലെ ലോഡ്ജിൽ താമസിക്കുന്ന സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു. സുഹൃത്തുക്കൾ ടെറസിൽ കാണുമെന്നു കരുതി അവിടെ എത്തിയപ്പോൾ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ടു താഴേക്കു നോക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വൈദ്യുതക്കമ്പിയിലും കടയുടെ ബോർഡിലും തട്ടി റോഡിലേക്കു വീഴുകയായിരുന്നു.

ശബ്ദം കേട്ട സുഹൃത്തുക്കൾ എത്തി അബോധാവസ്ഥയിലായിരുന്ന അമലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു 12നു കരിമ്പൻ സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: ലാലി, സഹോദരൻ: അലൻ.

Tags:    

Similar News