തിയറ്ററിൽ പരിചയക്കാരെ കണ്ട് ചിരിച്ചതിൽ സംശയം; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

തിരുവനന്തപുരം∙ ശ്രീവരാഹം മുക്കോലയ്ക്കൽ എസ്.കെ.നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ…

By :  Editor
Update: 2022-08-25 08:54 GMT

തിരുവനന്തപുരം∙ ശ്രീവരാഹം മുക്കോലയ്ക്കൽ എസ്.കെ.നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് കൊല്ലപ്പെട്ട കന്നിയമ്മാളിന്റെ ഭർത്താവ് മാരിയപ്പനെ(45) ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക സർക്കാരിലേക്കു കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ പൂർത്തിയായത് 24 ദിവസം കൊണ്ടാണ്. സംശയത്തെ തുടർന്നാണ് ഭർത്താവ് മാരിയപ്പൻ കന്നിയമ്മാളിനെ വെട്ടിക്കൊന്നത്.

2018 സെപ്റ്റംബര്‍ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം രാത്രി കന്നിയമ്മാളും മാരിയപ്പനും നഗരത്തിലെ തിയറ്ററിൽ സിനിമ കാണാന്‍ പോയി. തിയറ്ററില്‍ വച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാള്‍ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പന്‍ വഴക്കുണ്ടാക്കി. ഇതിനിടെ ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തിരുനെല്‍വേലിയ്ക്കു പോയ മാരിയപ്പനെ മൂന്നാം ദിവസം ഫോർട്ട് പൊലീസ് പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിര്‍ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ കോടതിയില്‍ മൊഴി നല്‍കി.

https://mykerala.co.in/listings/?rtcl_location=&rtcl_category=&q=

നഗരത്തിലെ പീസാ വിതരണക്കാരനായ മണികണ്ഠന്‍, സംഭവദിവസം രാത്രി 11.30ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്. വിവാഹിതനായി മറ്റെരിടത്ത്‌ താമസിച്ചിരുന്ന മൂത്തമകന്‍ ഗണേശനോട് പലപ്പോഴും മാരിയപ്പന്‍ തന്നെ സംശയത്തിന്റെ പേരില്‍ ഉപദ്രവിക്കുന്നതായി കന്നിയമ്മാള്‍ പറഞ്ഞിരുന്നു.

സംഭവ ദിവസം സിനിമ കണ്ട് മടങ്ങി വന്ന കന്നിയമ്മാളും മാരിയപ്പനും വീടിന്റെ മുകള്‍ നിലയിലേയ്ക്കു കയറി പോകുന്നത് കണ്ടതായി കന്നിയമ്മാള്‍ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടത്തിന്റെ വീട്ടുടമസ്ഥരായ മോഹന്‍കുമാറും ഭാര്യ രമണിയും കോടതിയില്‍ മൊഴി നല്‍കി. കന്നിയമ്മാളിന്റെ മൃതദേഹത്തിനു സമീപം രക്തത്തിൽ കണ്ട കാൽപ്പാടുകൾ മാരിയപ്പന്റെതാണന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയത് കേസിൽ നിർണായക തെളിവായി. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്.

Tags:    

Similar News