വിഴിഞ്ഞം: പോലീസ് സംരക്ഷണം നല്‍കണം; കഴിയില്ലെങ്കില്‍ കേന്ദ്രസഹായം തേടാമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പോലീസിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സമാധാനപരമായി…

By :  Editor
Update: 2022-09-01 04:35 GMT

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പോലീസിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ പദ്ധതി തടസ്സപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

പദ്ധതിക്ക് പോലീസ് സംരക്ഷണം പര്യാപ്തമെല്ലന്ന് അദാനി ഗ്രൂപ്പും കരാറുകാരനും ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണം തടസ്സപ്പെടാന്‍ പാടില്ല. അതീവ സുരക്ഷ മേഖലയിലേക്ക് ആളുകള്‍ അതിക്രമിച്ചുകയറുന്നത് തടയണം. സംരക്ഷണം നല്‍കേണ്ട പോലീസ് സമരക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ്. കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയെ അയക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രസേനയുടെ ആവശ്യം നിലവിലില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്.

വിധിയെ മാനിക്കുന്നുവെന്ന് സമരസമിതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ കരാറുകാരന്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനിനുള്ള ഇടക്കാല വിധിയാണിത്. ഇതില്‍കൂടുതല്‍ പ്രതീക്ഷിച്ചെങ്കിലും ഹൈക്കോടതി കരാറുകാരന് സംരക്ഷണം നല്‍കണമെന്നാണ് പറഞ്ഞത്. അത് ഞങ്ങള്‍ പാലിക്കുന്നു. സമരക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശവും കോടതി സംരക്ഷിച്ചിട്ടുണ്ട്.

അന്തിമ വിധി സെപ്തംബര്‍ 26ന് . മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തിനുള്ള പോരാട്ടമാണ്. തീരവും വീടും മത്സ്യ ബന്ധന ഉപകരണങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. വിളപ്പിന്‍ശാലയില്‍ കോടതി ഉത്തരവ് പ്രകാരം പദ്ധതി നടപ്പാക്കാന്‍ വന്ന ഭരണകൂടത്തിന് ജനങ്ങള്‍ ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടി വന്ന ചരിത്രമുണ്ട്.

മത്സ്യത്തൊഴിലാളികളുടെ ജീവന്മരണ പോരാട്ടം അന്തിമ വിധിയില്‍ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നും സമരസമിതി കണ്‍വീനറും അതിരൂപത വികാരി ജനറാളുമായ ഫാ. യൂജിന്‍ പെരേരെ പറഞ്ഞു.

Tags:    

Similar News