റോഡില്‍ കുഴിയുണ്ടായാല്‍ വിജിലന്‍സ് കേസ് ; 6 മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരും കരാറുകാരും പ്രതികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം. നിർമാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടയിൽ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും.
ഇത്തരം അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം. മനഃപൂർവമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കാലാവസ്ഥ, മഴ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ റോഡ് തകരുന്ന പക്ഷം, ഈ നടപടികൾ ഉണ്ടാകില്ല.