ഇന്‍സ്‌റ്റഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: സാമൂഹികമാധ്യമമായ ഇന്‍സ്‌റ്റഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തേത്തുടര്‍ന്ന്‌ കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അക്രമം തടയാന്‍ ശ്രമിച്ച മറ്റൊരു യുവാവിനു കുത്തേറ്റു. അയല്‍വാസിക്കു മര്‍ദനമേറ്റു. വെണ്ണല ശാന്തിനഗര്‍ റോഡ്‌ കരിപ്പാലവേലില്‍…

By :  Editor
Update: 2022-09-10 20:53 GMT

കൊച്ചി: സാമൂഹികമാധ്യമമായ ഇന്‍സ്‌റ്റഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തേത്തുടര്‍ന്ന്‌ കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അക്രമം തടയാന്‍ ശ്രമിച്ച മറ്റൊരു യുവാവിനു കുത്തേറ്റു. അയല്‍വാസിക്കു മര്‍ദനമേറ്റു. വെണ്ണല ശാന്തിനഗര്‍ റോഡ്‌ കരിപ്പാലവേലില്‍ സക്കീര്‍ ഹുസൈന്റെ മകന്‍ സജുന്‍ സഹീറാ(28)ണു കൊല്ലപ്പെട്ടത്‌.

കലൂര്‍, ചമ്മണി റോഡില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ, ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണു കൊലപാതകം.

കലൂര്‍ ചമ്മണി റോഡ്‌ പുളിയ്‌ക്കല്‍ വീട്ടില്‍ കിരണ്‍ ആന്റണി(24)യാണു പ്രതിയെന്ന്‌ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ പറഞ്ഞു. സജുന്റെ വയറ്റിലാണു കുത്തേറ്റത്‌. തലയ്‌ക്കും മുഖത്തും പരുക്കേറ്റ കിരണ്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്‌. ഇയാളുടെ അറസ്‌റ്റ്‌ പിന്നീട്‌ രേഖപ്പെടുത്തും. സംഘര്‍ഷം കണ്ട്‌ തടയാനെത്തിയ ബൈക്ക്‌ യാത്രികന്‍ ചക്കരപ്പറമ്പ്‌ വെള്ളായി വീട്ടില്‍ അശ്വിന്‍ അയൂബും കുത്തേറ്റ്‌ ചികിത്സയിലാണ്‌.

കിരണിന്റെ സഹോദരന്‍ കെവിന്റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റാണ്‌ ഏറ്റുമുട്ടലിലേക്കു നയിച്ചത്‌. കിരണും കെവിനും മറ്റ്‌ സുഹൃത്തുക്കളുമുള്ള ഫോട്ടോയ്‌ക്ക്‌ എതിര്‍സംഘത്തില്‍പ്പെട്ട ഹൈദര്‍, സെബിന്‍, കൊല്ലപ്പെട്ട സജുന്‍ എന്നിവര്‍ പ്രകോപനപരമായ കമന്റ്‌ ഇട്ടു. ഇതേത്തുടര്‍ന്ന്‌ തര്‍ക്കമുണ്ടാവുകയും ഇന്നലെ പുലര്‍ച്ചെ ഒന്നോടെ സജുനും പന്ത്രണ്ടോളം സുഹൃത്തുക്കളും കെവിനെ അനേ്വഷിച്ച്‌ കിരണിന്റെ വീട്ടിലെത്തുകയും ചെയ്‌തു. കിരണും അമ്മയും അമ്മൂമ്മയും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. തുടര്‍ന്നുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു.

സംഭവത്തിനു പിന്നില്‍ മുന്‍വൈരാഗ്യമാണെന്നു സിറ്റി പോലീസ്‌ കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു പറഞ്ഞു. ഇരുസംഘങ്ങളും തമ്മില്‍ രണ്ടുവര്‍ഷമായി തര്‍ക്കമുണ്ട്‌. ക്രിമിനല്‍ പശ്‌ചാത്തലമുള്ള ഇവര്‍ക്കെതിരേ വിവിധ സ്‌റ്റേഷനുകളില്‍ കേസുണ്ട്‌. കിരണിന്റെ സഹോദരന്‍ കെവിന്‍, സുഹൃത്ത്‌ ആദിത്യ സോണി, ജനീഷ്‌, ജോബി എന്നിവരെ ചോദ്യംചെയ്‌തു. കൊല്ലപ്പെട്ട സജുന്‍ ആമസോണ്‍ കമ്പനിയുടെ ഡെലിവറി ജീവനക്കാരനാണ്‌. ഒരുമാസത്തിനിടെ നഗരത്തില്‍ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്‌.

Tags:    

Similar News