27 വര്‍ഷമായുള്ള വൈരാഗ്യം, തലക്കടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
തിരുവനന്തപുരം കിളിമാനൂരില്‍ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. പള്ളിക്കല്‍ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
തിരുവനന്തപുരം കിളിമാനൂരില്‍ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. പള്ളിക്കല്‍ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വിമല കുമാരിക്കൊപ്പം ആക്രമണത്തിന് ഇരയായ ഭര്‍ത്താവ് പ്രഭാകരക്കുറുപ്പ് ഉച്ചയോടെ മരിച്ചിരുന്നു.
കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായര്‍ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇവരെ ആക്രമിച്ച ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ശശിധരന്‍ നായര്‍ ഇവരെ പെട്രോളൊഴിച്ച് കത്തിച്ചത്.
27 വര്‍ഷം മുമ്പ് മകന്‍ മരിച്ചതിലുള്ള വൈരാഗ്യമാണ് കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ പ്രഭാകരക്കുറുപ്പിനെ കൊലപ്പെടുത്താന്‍ ശശിധരനെ പ്രേരിപ്പിച്ചത് എന്നാണ് നിഗമനം. ശശിധരന്റെ മകനെ ബഹ്‌റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ മകന്‍ നിരാശനായിരുന്നു.
ഇക്കാര്യം വീട്ടില്‍ അറിയിച്ച ശേഷമാണ് മകന്‍ ആത്മഹത്യ ചെയ്തത്. സഹോദരന്‍ മരിച്ച വിഷമത്തില്‍ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശത്രുതയായി. നിരന്തര ലഹളയെത്തുടര്‍ന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരില്‍ വീടു വാങ്ങി.
ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. പ്രഭാകരക്കുറുപ്പിന്റെ ബാങ്ക് ഉദ്യോസ്ഥയായ മകള്‍ പോയശേഷം 11 മണിയോടെയാണ് ശശിധരന്‍ വീട്ടിലെത്തിയത്. പ്രഭാരക്കുറുപ്പിനെയും ഭാര്യ വിമലയെയും തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.