നരബലി നടത്തിയവർ നാട്ടിലെ നന്മമരങ്ങൾ; മാന്യതയണിഞ്ഞ മുഖം തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിൽ നാട്ടുകാർ
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ആഭിചാര കൊലപാതകത്തിൽ പിടിയിലായ ഭഗവൽ സിങ്ങും ലൈലയും നാട്ടുകാർക്കിടയിൽ ജീവിച്ചത് യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത തരത്തിൽ. പാരമ്പര്യ വൈദ്യൻ കൊലയാളിയായിരുന്നുവെന്ന് വിശ്വസിക്കാൻ…
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ആഭിചാര കൊലപാതകത്തിൽ പിടിയിലായ ഭഗവൽ സിങ്ങും ലൈലയും നാട്ടുകാർക്കിടയിൽ ജീവിച്ചത് യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത തരത്തിൽ. പാരമ്പര്യ വൈദ്യൻ കൊലയാളിയായിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. തിരുമൽ കേന്ദ്രമെന്ന തരത്തിൽ റോഡിരികിനോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. അതിന് പിന്നിലായി ആരും കാണാത്ത് തരത്തിലാണ് ഇവരുടെ ‘കടകംപള്ളി’ എന്ന വീട് സ്ഥിതി ചെയ്തിരുന്നത്.
മർമ്മ ചികിത്സ വിദഗ്ധൻ എന്നാണ് ഭവൽസിംഗ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആളുകൾ വന്നുപോകുന്നത് സംബന്ധിച്ച് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സമൂഹ മാദ്ധ്യമങ്ങളിലും പൊതു പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും നാട്ടുകാർ പറഞ്ഞു. ഹൈക്കു കവിത എഴുത്തുകാരൻ എന്ന നിലയിൽ സമൂഹമാദ്ധ്യമങ്ങളിൽ എഴുത്തുകളും പങ്കുവെച്ചിട്ടുണ്ട്.
ഇവരുടെ തിരുമൽ കേന്ദ്രത്തിൽ ചില അപരിചിതർ വന്നുപോയിരുന്നതായി നാട്ടുകാർ പറഞ്ഞു. തിരുമൽ നടക്കുന്നുവെന്നല്ലാതെ മറ്റ് വിവരങ്ങൾ അറിയില്ലെന്നും നാട്ടുകാരും അയൽവാസികളും വ്യക്തമാക്കി. ഇയാൾ പഠനം പൂർത്തിയാക്കി വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ വിസ ലഭിക്കാൻ കാലതാമസം നേരിടുകയും തുടർന്ന് തിരുമൽ കേന്ദ്രം ആരംഭിച്ച് ജീവിക്കുകയായിരുന്നു എന്നാണ് നാട്ടുകാർക്ക് അറിയാവുന്ന കഥ.