ഇരട്ടനരബലി: ഇലന്തൂരിലെ വീട്ടിൽ ആയുർവേദ ചികിത്സയുടെ മറവിൽ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിയതായി പ്രതികൾ

കൊച്ചി: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായി പ്രതികൾ പൊലീസിനു മൊഴി നൽകി. പെണ്‍വാണിഭ സംഘത്തിന്‍റെ ഭാഗമായ ഷാഫിയുടെ നേതൃത്വത്തിലായിരുന്നു ഇടപാടുകളും…

By :  Editor
Update: 2022-10-13 21:23 GMT

കൊച്ചി: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായി പ്രതികൾ പൊലീസിനു മൊഴി നൽകി. പെണ്‍വാണിഭ സംഘത്തിന്‍റെ ഭാഗമായ ഷാഫിയുടെ നേതൃത്വത്തിലായിരുന്നു ഇടപാടുകളും സ്ത്രീകളെ എത്തിച്ചതും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അതേസമയം, നടപടികളോട് മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ആയുർവേദ ചികിത്സയുടെ ഭാഗമായി ആയിരുന്നു ഇലന്തൂരിലെ വീട്ടിലെ അനാശാസ്യ പ്രവർത്തനങ്ങളുമെന്നാണ് മൊഴി. ഈ ലക്ഷ്യത്തിനെത്തുന്ന ഇടപാടുകാർക്ക് സ്ത്രീകളെ ഉൾപ്പെടെ എത്തിച്ചുകൊടുത്തിരുന്നത് ഷാഫിയാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.കസ്റ്റഡിയിൽ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഒരുമിച്ചിരുത്തി എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം അർധരാത്രിയോടെ മൂവരെയും മൂന്നിടത്തേക്കു മാറ്റി. ഭഗവൽ സിങ്ങിനെ മുളവുകാട് സ്റ്റേഷനിലേക്കും ലൈലയെ വനിതാ സ്റ്റേഷനിലേക്കും മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാതെ ഷാഫി ഒഴിഞ്ഞുമാറുന്നത് തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എഡിജിപിയുടെ നിർദേശപ്രകാരം കർമപദ്ധതി തയാറാക്കിയാണ് അന്വേഷണ സംഘത്തിന്റെ പ്രവർത്തനം. ഫൊറൻസിക്, സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. ആദ്യഘട്ട ചോദ്യംചെയ്യലിനുശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഇലന്തൂരിൽ നടത്തുന്ന തെളിവെടുപ്പിലൂടെ മാംസം ഭക്ഷിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്. തിരോധാന കേസുകൾക്കു പുറമേ, ഷാഫിയുടെ പൂർവകാല കേസുകളിലും അന്വേഷണം നടത്താൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

Tags:    

Similar News