നരബലി: മൃതദേഹങ്ങളില്‍ ആന്തരിക അവയവങ്ങളില്ല; അവയവ മാഫിയ ബന്ധം അന്വേഷിക്കും

കൊച്ചി: ഇലന്തൂരിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങൾ ഇല്ലെന്നു വെളിപ്പെടുത്തി പൊലീസ്. കൊലപാതകങ്ങൾക്കു പിന്നിൽ അവയവ മാഫിയയാണോയെന്നു പരിശോധിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണു…

By :  Editor
Update: 2022-10-16 05:30 GMT

കൊച്ചി: ഇലന്തൂരിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങൾ ഇല്ലെന്നു വെളിപ്പെടുത്തി പൊലീസ്. കൊലപാതകങ്ങൾക്കു പിന്നിൽ അവയവ മാഫിയയാണോയെന്നു പരിശോധിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണു പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

അതേസമയം, ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റിയെന്നു പ്രതികൾ സമ്മതിക്കുന്നുണ്ട്. പക്ഷേ പിന്നീട് കുഴിയിൽ തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. നരബലിയുടെ ഭാഗമായാണ് അവയവങ്ങൾ മുറിച്ച് മാറ്റിയത് എന്നും പറയുന്നു. പൊലീസും ഇതുതന്നെയാണ് സംശയിക്കുന്നത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും പൊലീസ് പറയുന്നു.

പത്മയുടെ മൃതദേഹം സംസ്കരിക്കും മുൻപ് അവയവങ്ങൾ വേർപെടുത്തിയതു ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്ക്കും ഇത്തരത്തിൽ അവയവങ്ങൾ വേർപെടുത്താനുള്ള കഴിവുണ്ടെന്നു പൊലീസ് കരുതുന്നില്ല. മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒന്നിൽ കൂടുതൽ കത്തികൾ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക. ഇതു സംബന്ധിച്ച ചോദ്യത്തിനു മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന മറുപടിയാണു ഷാഫി നൽകിയത്.

Tags:    

Similar News