നരബലി; അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നത് തടയണം; പ്രതികൾ ഹൈക്കോടതിയിൽ
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ 12 ദിവസം പോലീസ് കസ്റ്റഡിയില്‍വിട്ട കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍. അഭിഭാഷകനായ ബി.എ. ആളൂര്‍ മുഖേനയാണ് നരബലിക്കേസിലെ മൂന്ന് പ്രതികളും…
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ 12 ദിവസം പോലീസ് കസ്റ്റഡിയില്‍വിട്ട കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍. അഭിഭാഷകനായ ബി.എ. ആളൂര്‍ മുഖേനയാണ് നരബലിക്കേസിലെ മൂന്ന് പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ കുറ്റസമ്മത മൊഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുതെന്നും ഇതിനായി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നരബലിക്കേസിലെ പ്രതികളെ 12 ദിവസം കസ്റ്റഡിയില്‍ വിട്ടതില്‍ പ്രതിഭാഗം നേരത്തെയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഡ്വ.ബി.എ. ആളൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് പ്രതികളെ വിവിധിയിടങ്ങളില്‍ കൊണ്ടുപോയി പ്രദര്‍ശനം നടത്തുകയാണ്. പ്രതികള്‍ നല്‍കുന്ന കുറ്റസമ്മത മൊഴികളെല്ലാം മാധ്യമങ്ങളില്‍ അതേപടി വരികയാണ്. അതിനാല്‍ ഇത്തരം കുറ്റസമ്മത മൊഴികള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഡി.ജി.പിയോട് നിര്‍ദേശിക്കണമെന്നും പ്രതികള്‍ക്ക് അഭിഭാഷകരെ കാണാന്‍ അവസരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം മുഖ്യപ്രതി ഷാഫിയെ രാമങ്കരിയില്‍ എത്തിച്ചും ഭഗവല്‍സിങ്, ലൈല എന്നിവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഒക്ടോബര്‍ 24-നാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.