പണമിടപാട് തർക്കം; കോഴിക്കോട് കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി
കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയി. ആവോലം സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. താമരശേരി വെഴുപ്പൂർ സ്കൂളിനു സമീപം ഇന്നലെ രാത്രി 9.45നാണ് സംഭവം.…
കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയി. ആവോലം സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. താമരശേരി വെഴുപ്പൂർ സ്കൂളിനു സമീപം ഇന്നലെ രാത്രി 9.45നാണ് സംഭവം. റോഡരികിൽ ഉപേക്ഷിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് സംശയം.
പണമിടപാട് സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഹമ്മദ് അഷ്റഫ് സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. കാറിലെത്തിയ സംഘം അഷ്റഫിന്റെ സ്കൂട്ടറിനു കുറുകെ വാഹനം നിർത്തിയശേഷം അഷ്റഫിനെ ബലമായി കാറിൽ കയറ്റികൊണ്ടുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. അഷ്റഫിനെ കാറിൽ കയറ്റുന്നതിനിടെ മറ്റൊരു കാറും സ്ഥലത്തെത്തി.
ഇതേ സംഘത്തിൽപെട്ടവരാണ് ആ കാറിലും ഉണ്ടായിരുന്നതെന്നാണ് സൂചന. റോഡിൽ വീണ സ്കൂട്ടർ അരികിലേക്ക് മാറ്റിവച്ചശേഷമാണ് അഷ്റഫിനെ കൊണ്ടുപോയത്. അഷ്റഫിന്റെ ബന്ധുവും തട്ടിക്കൊണ്ടുപോയ ആളുകളും തമ്മിൽ ചല പണമിടപാടുകൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.