സന്തോഷ് കൊടുംകുറ്റവാളി; കത്തിമുനയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കുറവൻകോണത്ത് ഭവനഭേദനത്തിനു ശ്രമിക്കുകയും ചെയ്തതിന് അറസ്റ്റിലായ സന്തോഷ് (39) തന്നെയാണു കഴിഞ്ഞ ഡിസംബറിൽ രാത്രി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കടന്നു…

By :  Editor
Update: 2022-11-03 21:08 GMT

വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കുറവൻകോണത്ത് ഭവനഭേദനത്തിനു ശ്രമിക്കുകയും ചെയ്തതിന് അറസ്റ്റിലായ സന്തോഷ് (39) തന്നെയാണു കഴിഞ്ഞ ഡിസംബറിൽ രാത്രി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കടന്നു കത്തി ചൂണ്ടി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു.

അന്നു പേരൂർക്കട പൊലീസ് ശേഖരിച്ച വിരലടയാളം ഇയാളുടേതുമായി ഒത്തുനോക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പീഡനശ്രമത്തിനു കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. മലയിൻകീഴ് മച്ചയിൽ ശിവജിപുരം പത്മനാഭ വിലാസം വീട്ടിൽ സന്തോഷ്, ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്ന നിലയിൽ പിടിയിലാകാതെ തുടർന്നും ഇത്തരം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തിരുന്നുവെന്നതു ഞെട്ടിക്കുന്ന വിവരമായി.

2021 ഡിസംബർ 19 ന് കുറവൻകോണത്തു തന്നെ മറ്റൊരു വീട്ടിലാണു പീഡനശ്രമം ഉണ്ടായത്. സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തിയിരുന്ന 4 വിദ്യാർഥിനികൾ ഈ വീടിന്റെ മുകൾ നില വാടകയ്ക്കെടുത്തു താമസിച്ചിരുന്നു. രാത്രി 2 മണിയോടെ മതിൽ ചാടി അകത്തു കടന്ന പ്രതി ഗ്രില്ലിന്റെ പൂട്ട് തകർത്തു മുകൾ നിലയിൽ കടന്നു. ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ വായ് പൊത്തിപ്പിടിച്ച ശേഷം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കത്തി വീശിയപ്പോൾ പെൺകുട്ടിയുടെ കൈ മുറിഞ്ഞു.

ബഹളം കേട്ട് അടുത്ത മുറിയിലുള്ളവർ ഓടിവന്നപ്പോൾ പുതപ്പ് വീശിയെറി‍ഞ്ഞ ശേഷം ഇയാൾ രക്ഷപ്പെട്ടു. അപ്പോൾ തന്നെ പെൺകുട്ടികൾ പൊലീസിൽ അറിയിക്കുകയും വിശദമായ മൊഴി കൊടുക്കുകയും ചെയ്തു. പക്ഷേ പ്രയോജനമുണ്ടായില്ല. സമീപവാസികൾ അക്രമിയെ പിടിക്കാ‍ൻ കുറേ ദിവസം രാത്രി കാത്തിരുന്നു. ഒരു മാസം കഴിഞ്ഞ് ഇതേ വീട്ടിൽ ഇയാൾ വീണ്ടും എത്തിയെങ്കിലും പുറത്തു ശബ്ദം കേട്ടു വിദ്യാർഥിനികൾ ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെട്ടു.

ഇപ്പോൾ അറസ്റ്റിലായ സന്തോഷിന്റെ ദൃശ്യങ്ങൾ കണ്ടാണു പെൺകുട്ടികൾ തിരിച്ചറിഞ്ഞത്. ജയിലിൽ ഉള്ള സന്തോഷിനെ ഇൗ കേസിലും കസ്റ്റഡിയിലെടുത്തു തെളിവെടുക്കും. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ കേസിൽ ഇന്നു കസ്റ്റഡിയിൽ ലഭിക്കുമെന്നു മ്യൂസിയം പൊലീസ് പറഞ്ഞു. സന്തോഷിന്റേതു രാഷ്ടീയ നിയമനമാണെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്തു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് ഡ്രൈവറായിരുന്നുവെന്നും ഇതിനിടെ കരാറുകാരൻ വെളിപ്പെടുത്തി

Tags:    

Similar News