ഷാരോൺ വധം അന്വേഷണം തമിഴ്നാടിന് കൈമാറുന്നതാണ് ഉചിതമെന്ന് എ.ജിയുടെയും നിയമോപദേശം
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിന്‍റെ അന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപിക്കുന്നതാകും ഉചിതമെന്ന് അഡ്വക്കറ്റ് ജനറലിന്‍റെ (എ.ജി) നിയമോപദേശം. കേരള പൊലീസിനാണ് ഇതുസംബന്ധിച്ച നിയമോപദേശം നൽകിയത്. സംഭവം…
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിന്‍റെ അന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപിക്കുന്നതാകും ഉചിതമെന്ന് അഡ്വക്കറ്റ് ജനറലിന്‍റെ (എ.ജി) നിയമോപദേശം. കേരള പൊലീസിനാണ് ഇതുസംബന്ധിച്ച നിയമോപദേശം നൽകിയത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാലാണ് ഇത്തരത്തിൽ നിയമോപദേശം നൽകിയത്.
കേസിന്‍റെ വിചാരണവേളയിൽ സംഭവം നടന്നത് തമിഴ്നാട്ടിലാണെന്ന വാദം പ്രതിഭാഗം ഉയർത്തിയാൽ അത് വിചാരണ നടപടിയെ ഉൾപ്പെടെ ബാധിച്ചേക്കാമെന്നാണ് നിയമോപദേശം. നേരത്തെ, തിരുവനന്തപുരം റൂറൽ എസ്.പി ഉൾപ്പെടെ വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു. അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന നിയമോപദേശമാണ് ജില്ല പബ്ലിക് പ്രോസിക്യൂട്ടർ നൽകിയത്.
കേസ് തമിഴ്നാട് പൊലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഷാരോണിന്‍റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അന്വേഷണം കേരള പൊലീസ് തന്നെ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അവർക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വീണ്ടും എ.ജിയുടെ നിയമോപദേശം തേടിയത്. അതേസമയം, കേസ് അന്വേഷണം മാറ്റരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും സമീപിക്കുമെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജ് പറഞ്ഞു.