ഇന്തൊനീഷ്യയിൽ ഭൂചലനത്തിൽ വൻ നാശനഷ്ടം ; 46 മരണം, 700 പേർക്ക് പരുക്ക്: ‘സിയാഞ്ചുർ നഗരം തകർന്നു’
ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശനഷ്ടം. ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ 46 പേർ കൊല്ലപ്പെട്ടു. എഴുനൂറിലധികം ആളുകൾക്ക് പരുക്കേറ്റു. മരണസംഖ്യ…
ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശനഷ്ടം. ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ 46 പേർ കൊല്ലപ്പെട്ടു. എഴുനൂറിലധികം ആളുകൾക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി ആളുകൾ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ജാവയിലെ സിയാഞ്ചുർ പ്രവിശ്യയിലായിരുന്നു ഭൂചലനം കൂടുതൽ ദുരന്തം വിതച്ചത്. ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതും ഈ മേഖലയിലാണ്. സിയാഞ്ചുർ നഗരം ഏതാണ്ട് തകർന്ന നിലയിലാണ്. നൂറുകണക്കിന് കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. നഗരത്തിലെ ഒരു ആശുപത്രിയിൽ മാത്രം 20 പേർ മരിച്ചു. 300 ഓളം പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിയാഞ്ചുറിൽ നിന്നുള്ള സർക്കാർ വക്താവ് ഹെർമൻ സുഹെർമൻ പറഞ്ഞു.
ആശുപത്രികളും സ്‌കൂളും അടക്കമുള്ള നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായാണ് വിവരം. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾ വീണാണ് പലർക്കും പരുക്കേറ്റത്. ഇന്തൊനീഷ്യയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സൂനാമി ഭീഷണിയിലാണെന്നും, ഭൗമശാസ്ത്ര പഠന കേന്ദ്രങ്ങളുടെ വിലയിരുത്തലുകൾക്കായി മിക്ക രാജ്യങ്ങളും കാത്തിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്‌തു.