വിഴിഞ്ഞം സമരം: സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു; മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: വിഴിഞ്ഞം സമരത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ കുറ്റപ്പെടുത്തി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. സമരസമിതി മുന്നോട്ടുവച്ച് ഏഴ് ആവശ്യങ്ങളില്‍ അഞ്ചും…

By :  Editor
Update: 2022-11-27 23:45 GMT

കോഴിക്കോട്: വിഴിഞ്ഞം സമരത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ കുറ്റപ്പെടുത്തി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. സമരസമിതി മുന്നോട്ടുവച്ച് ഏഴ് ആവശ്യങ്ങളില്‍ അഞ്ചും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന ആറാമത്തെ ആവശ്യം കേന്ദ്രസര്‍ക്കാരാണ് അംഗീകരിക്കേണ്ടത്. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുന്ന പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. മാസങ്ങളായി സമരം നടക്കുകയാണ്. സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി വരെ കണ്ടുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ലത്തീന്‍ സഭ ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരായിരുന്നുവെങ്കില്‍ കോടതി ഉത്തരവ് പാലിക്കണമായിരുന്നു. കോടതിയില്‍ നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. ഇന്നു പറഞ്ഞതില്‍ നാളെ ഉറച്ചുനില്‍ക്കുമെന്ന് എന്തണ് ഉറപ്പെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യത്തോട് മന്ത്രി പ്രതികരിച്ചു.

അദാനി ഗ്രൂപ്പിന് ഒരു കമ്പനി എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതില്‍ ആശങ്കയുണ്ടാകാം. പോലീസ് സമരക്കാരെ അടിച്ചമര്‍ത്തുന്ന നയം സ്വീകരിച്ചിട്ടില്ല. കോടതി പറയുന്നത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും കോടതി വിധി വന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കേന്ദ്രസേനയെ വേണമെന്ന അദാനിയുടെ ആവശ്യത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

അവരല്ലാത്ത മറ്റ് മത വിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നു. ഒരു കാരണവശാലം മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.കോതി പദ്ധതിയുമായി മുന്നോട്ടുപോകുന്ന കോഴിക്കോട് കോര്‍പറേഷന്റെ നടപടിയേയും മന്ത്രി ന്യായീകരിച്ചു.

Tags:    

Similar News