അവിഹിത ബന്ധം, മകളെയും മകന്റെ ഭാര്യയെയും നോട്ടമിട്ടു; ഭർത്താവിനെ കൊന്ന് 22‌ കഷണങ്ങളാക്കി ഫ്രിജിൽ വച്ചു; കൂട്ടുപ്രതിയായി മകനും

ന്യൂഡൽഹി : ശ്രദ്ധ വോൾക്കറിന്റെ ക്രൂരഹത്യയുടെ ഞെട്ടലിൽനിന്നു രാജ്യം പുറത്തുകടക്കവേ ഡൽഹിയിൽ വീണ്ടും സമാന കൊലപാതകം. ഭർത്താവിനെ കൊന്നു കഷ‌ണങ്ങളാക്കിയ കേസിൽ ഭാര്യയെയും മകനെയും ഡൽഹി ക്രൈംബ്രാഞ്ച്…

By :  Editor
Update: 2022-11-28 03:48 GMT

ന്യൂഡൽഹി : ശ്രദ്ധ വോൾക്കറിന്റെ ക്രൂരഹത്യയുടെ ഞെട്ടലിൽനിന്നു രാജ്യം പുറത്തുകടക്കവേ ഡൽഹിയിൽ വീണ്ടും സമാന കൊലപാതകം. ഭർത്താവിനെ കൊന്നു കഷ‌ണങ്ങളാക്കിയ കേസിൽ ഭാര്യയെയും മകനെയും ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധയെ കാമുകൻ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കിയതു പോലെയാണ് ഈ കേസെന്നും പൊലീസ് പറയുന്നു.

പാണ്ഡവ് നഗറില്‍ താമസിച്ചിരുന്ന അഞ്ജന്‍ ദാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് വേറെയും സ്ത്രീകളുമായി ബന്ധമുണ്ട് എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അഞ്ജന്‍ ദാസിന്റെ ഭാര്യ പൂനം, മകന്‍ ദീപക് എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പൂനത്തിന്റെ മകള്‍, മകന്‍ ദീപകിന്റെ ഭാര്യ എന്നിവരിലും അഞ്ജന്‍ ദാസിന് കണ്ണുണ്ടായിരുന്നു. ഇവരെ ശല്യപ്പെടുത്തിയതും കൊലപാതകത്തിന് പ്രേരണയായതായി പൊലീസ് പറയുന്നു.

പൂനത്തിന്റെ ആദ്യ ഭര്‍ത്താവ് കല്ലു 2016 ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് 2017 ലാണ് പൂനം ബിഹാര്‍ സ്വദേശിയായ അഞ്ജന്‍ ദാസിനെ വിവാഹം കഴിക്കുന്നത്. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും എട്ടു കുട്ടികളുമുണ്ട്. ഇയാള്‍ ജോലിക്ക് പോകാറുണ്ടായിരുന്നില്ലെന്നും ഡല്‍ഹി ഡിസിപി ക്രൈം അമിത് ഗോയല്‍ പറഞ്ഞു.

മദ്യപിച്ചശേഷം വീട്ടില്‍ ഇയാള്‍ മിക്കപ്പോഴും വഴക്കുണ്ടാക്കാറുണ്ടായിരുന്നു. മദ്യത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി മയക്കിയശേഷം അഞ്ജന്‍ ദാസിനെ അമ്മയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാളുടെ കഴുത്ത് മുറിച്ചു. ശരീരത്തിലെ രക്തം മുഴുവന്‍ വാര്‍ന്നു പോകുന്നതിനായി മൃതദേഹം ഒരു ദിവസം മുറിക്കുള്ളില്‍ ഇട്ടു.

ഇതിനുശേഷം മൃതദേഹം കഷണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൃതദേഹം അഴുകിയതിന്റെ ദുര്‍ഗന്ധം പുറത്തു വരാതിരിക്കാനായി അമ്മയും മകനും ചേര്‍ന്ന് വീട് പെയിന്റ് ചെയ്യുകയും ചെയ്തു.

മെയ് മാസം 30 നായിരുന്നു അഞ്ജന്‍ദാസിനെ ഇവര്‍ കൊലപ്പെടുത്തിയത്. ഇതിന് മൂന്നു നാലു ദിവസത്തിന് ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ ഓരോന്നായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ തല മറവു ചെയ്യുകയും ചെയ്തു. വെട്ടിമുറിച്ച 10 ശരീരഭാഗങ്ങളില്‍ ആറെണ്ണം മാത്രമാണ് പൊലീസിന് കണ്ടെടുക്കാനായത്.

ജൂണ്‍ അഞ്ചിന് ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരി പ്രദേശത്തെ രാംലീല മൈതാനത്തിന് സമീപത്തു നിന്നാണ് ആദ്യമായി മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, മൃതദേഹ അവശിഷ്ടങ്ങള്‍ ആരുടേതാണ് എന്ന ഒരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല.

അടുത്തിടെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തോടെ, ഈ സംഭവവും വിശദമായി അന്വേഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ദീപക്കിന്റെയും പൂനത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ദീപക് രാത്രികാലങ്ങളില്‍ ബാഗുമായി പുറത്തേക്ക് പോകുന്നതിന്റെയും അമ്മ പൂനം പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കൊലപാതകം കൂടി ചുരുളഴിഞ്ഞത്.

Tags:    

Similar News