മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ താമസിക്കാൻ ചെലവിട്ടത് 43.14 ലക്ഷം രൂപ ; സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് പുറത്ത് വന്നത് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ !
ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ…
ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.
ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് ഇ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സർക്കാരിൽ നിന്ന് ഇൗ തുക ലണ്ടൻ ഹൈക്കമ്മിഷൻ കൈപ്പറ്റി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, വീണാ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമൻ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബർ 2 മുതൽ 12 വരെയായിരുന്നു ലണ്ടൻ സന്ദർശനം. അവിടേക്കുള്ള വിമാനയാത്ര ഒഴികെയുള്ള ചെലവാണ് 43.14 ലക്ഷം രൂപ. കൊച്ചി സ്വദേശി എസ്.ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്കു ശേഖരിച്ചത്