ക്ഷേമ പെൻഷൻ: പൊതുമരാമത്ത് വകുപ്പിൽ 31 പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ 31 പേരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പണം ഇവരിൽനിന്ന് 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.
പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്ന് ഡിസംബറിൽ സർക്കാർ കണ്ടെത്തിയിരുന്നു. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണെന്നും ഒരാൾ വിരമിച്ചതായും ഭരണ വിഭാഗം ചീഫ് എൻജിനീയറുടെ ഓഫിസ് റിപ്പോർട്ട് ചെയ്തു. ബാക്കി 31 പേർക്കെതിരെയാണ് നടപടി.
നടപടി നേരിട്ടവരിൽ രണ്ട് ഓവർസിയർമാരാണ് ഉയർന്ന റാങ്കിലുള്ളവർ. കുക്ക് ആൻഡ് വാച്ച്മാൻ തസ്തികയിലുള്ളവരാണ് കൂടുതൽ -12 പേർ. 11 പാർട് ടൈം സ്വീപ്പർമാർക്കെതിരെയും നടപടിയുണ്ട്. രണ്ട് ഓഫിസ് അറ്റൻഡർമാരും ഉൾപ്പെടുന്നു. ഫുൾടൈം സ്വീപ്പർ, ഗാർഡനർ, കെയർടേക്കർ, ഫെറിമാൻ തസ്തികകളിലുള്ള ഓരോരുത്തർക്കെതിരെയും നടപടിയുണ്ട്.