കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; കസ്റ്റംസിനെയും വാങ്ങാനെത്തിയവരെയും വെട്ടിച്ച് പുറത്ത് കടന്നു, സ്വര്‍ണം കടത്തിയ യുവതി പോലീസ് വലയില്‍; ഗോൾഡ് തട്ടാനെത്തിയവരെയും കുടുക്കി
കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍…
കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന(30) സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24) കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ്(36) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ പോലീസാണ് മൂന്ന് പ്രതികളെയും വിമാനത്താവളത്തിന്റെ കവാടത്തിന് സമീപംവെച്ച് പിടികൂടിയത്. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തു.
ദുബായില്‍നിന്ന് 146 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഡീന കടത്തിയത്. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് നാലംഗസംഘം ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. കൊടുത്തവിട്ടവര്‍ നിര്‍ദേശിച്ച ആളുകള്‍ക്ക് സ്വര്‍ണം കൈമാറുന്നതിന് മുന്‍പേ, സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.
നേരത്തെയും സ്വര്‍ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണം 'പൊട്ടിക്കല്‍ സംഘ'വുമായി ഒത്തുചേര്‍ന്ന് കടത്തുസ്വര്‍ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു ലക്ഷ്യമിട്ടത്. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതി, സ്വര്‍ണം വാങ്ങാന്‍ എത്തിയവരെയും കബളിപ്പിച്ച് കവര്‍ച്ചാസംഘത്തിനൊപ്പം കാറില്‍ കയറി അതിവേഗം പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ പോലീസ് സംഘം യുവതിയെ വാഹനം പിന്തുടര്‍ന്ന് പിടികൂടി.