ഭർത്താവിന് പരപുരുഷ ബന്ധം; യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും മാസം 15000 രൂപ ജീവനാംശവും നൽകാൻ വിധി
മുംബൈ: ഭർത്താവിന് ഇതര പുരുഷന്മാരുമായി ലൈംഗിക ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 15000 രൂപ ജീവനാംശവും നൽകണമെന്ന് കോടതി ഉത്തരവ്. ഗാർഹിക…
മുംബൈ: ഭർത്താവിന് ഇതര പുരുഷന്മാരുമായി ലൈംഗിക ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 15000 രൂപ ജീവനാംശവും നൽകണമെന്ന് കോടതി ഉത്തരവ്. ഗാർഹിക പീഡനമെന്നാൽ ശാരീരികമായ ഉപദ്രവും മാത്രമല്ലെന്നും ലൈംഗികവും വാക്കാലുള്ളതും വാക്കുകൊണ്ടുള്ള വേദനപ്പെടുത്തലും ഉൾപ്പെടുമെന്നും മുംബൈ സെഷൻസ് കോടതി നിരീക്ഷിച്ചു. വിവാഹ ശേഷവും ഭർത്താവ് മറ്റു പുരുഷന്മാരുമായി ബന്ധം പുലർത്തിയെന്നും 32കാരിയായ യുവതി പരാതിപ്പെട്ടു. തുടർന്ന് കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ട്, യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ പ്രതിമാസ ജീവനാംശവും നൽകാൻ കോടതി ഭർത്താവിനോട് നിർദ്ദേശിച്ചു.
പ്രതിയുടെ മൊബൈലിലെ ചിത്രങ്ങൾ യുവതി കോടതിയിൽ സമർപ്പിച്ചിരുന്നു. പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള നഗ്ന ചിത്രങ്ങളടക്കമാണ് കോടതിയിൽ സമർപ്പിച്ചത്. ഭർത്താവിന്റെ ഫോണിലെ ചിത്രങ്ങൾ യുവതി സ്ക്രീൻഷോട്ടെടുത്ത് തെളിവിനായി സൂക്ഷിച്ചിരുന്നത്. ഭർത്താവിൽ നിന്നും ഭർത്താവിന്റെ അമ്മയിൽ നിന്നും യുവതിക്ക് വൈകാരികവും മാനസികവുമായ പീഡനമുണ്ടായെന്നും ജഡ്ജി പറഞ്ഞു. ഇപ്പോൾ ദമ്പതികൾ വേർപിരിഞ്ഞെങ്കിലും ഗാർഹിക പീഡനം തെളിയിക്കപ്പെട്ടതിനാനും യുവതി ജോലി ഉപേക്ഷിച്ചതിനാലും നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി.
2016ലാണ് ഇവർ വിവാഹിതരായത്. 2018-ൽ യുവതി ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പരാതി നൽകി. 2021 നവംബറിൽ നഷ്ടപരിഹാരം നൽകാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. വിധിക്കെതിരെ ഭർത്താവ് സെഷൻസ് കോടതിയെ സമീപിക്കുകയും ചെയ്തു. ഭർത്താവുമായി അടുപ്പം സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി യുവതി മൊഴി നൽകി. വീട്ടിൽ വൈകി വരുന്നത് ചോദ്യം ചെയ്തപ്പോൾ ജോലി സമ്മർദമാണെന്നായിരുന്നു മറുപടി. ഭർതൃമാതാവിനോട് സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല. 2017 ഒരുദിവസം ഭർത്താവിന്റെ ഫോൺ തുറന്നുനോക്കിയപ്പോൾ അയാൾ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ചിത്രങ്ങളും വീഡിയോയും കണ്ട് ഞെട്ടിപ്പോയെന്നും യുവതി പറഞ്ഞു.