മൂന്നാറിൽ ‘പടയപ്പ’യെ പ്രകോപിപ്പിച്ചു; ഇരുചക്രവാഹനം തകർത്ത് കാട്ടാന
മൂന്നാർ: ഇടുക്കി മൂന്നാറിൽ റോഡ് തടസപ്പെടുത്തി കാട്ടാന. പടയപ്പ എന്ന് വിളിക്കപ്പെടുന്ന കാട്ടാനയെയാണ് ജീപ്പ് ഡ്രൈവർമാർ പ്രകോപിപ്പിച്ചത്. ഹോൺ മുഴക്കി പ്രകോപിപ്പിച്ചതിനെ തുടർന്നാണ് ആന രോഷാകുലനായത്. ബുധനാഴ്ച…
മൂന്നാർ: ഇടുക്കി മൂന്നാറിൽ റോഡ് തടസപ്പെടുത്തി കാട്ടാന. പടയപ്പ എന്ന് വിളിക്കപ്പെടുന്ന കാട്ടാനയെയാണ് ജീപ്പ് ഡ്രൈവർമാർ പ്രകോപിപ്പിച്ചത്. ഹോൺ മുഴക്കി പ്രകോപിപ്പിച്ചതിനെ തുടർന്നാണ് ആന രോഷാകുലനായത്. ബുധനാഴ്ച വൈകിട്ട് മൂന്നാർ കുറ്റയാർ വാലിക്ക് സമീപമാണ് സംഭവം.
റോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനക്ക് മുമ്പിൽ ജീപ്പ് നിർത്തിയിടുകയും മാർഗതടസം സൃഷ്ടിക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രകോപിതനായ ആന സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനം തകർത്തു. കുറച്ചുസമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന പിന്നീട് കാടുകയറി.
മൂന്നാറിലെ പല റോഡുകളിലും പടയപ്പ മുമ്പ് തടസം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, ആന കാട്ടിനുള്ളിലേക്ക് മടങ്ങും വരെ വാഹനങ്ങൾ കാത്തുനിൽക്കുകയാണ് പതിവ്. അല്ലെങ്കിൽ വനപാലകരെത്തി ആനയെ പ്രദേശത്ത് നിന്ന് ഓടിച്ചുവിടുകയും ചെയ്യാറുണ്ട്.
വാഹനത്തിലെത്തുന്നവർ ആനക്ക് മാർഗതടസം സൃഷ്ടിക്കുകയും ശബ്ദം വെച്ചും ഹോൺ മുഴക്കിയും പ്രകോപനം ഉണ്ടാക്കാറുമുണ്ട്. അതേസമയം, ഒരിക്കൽ പോലും പടയപ്പ ജനങ്ങളെ ആക്രമിക്കുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ല. വനം വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലുള്ള ആനയാണ് പടയപ്പ.