അഞ്ജുശ്രീയുടേത് ആത്മഹത്യ തന്നെ? ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് എലിവിഷം വാങ്ങി കഴിച്ചത് കാമുകൻ മരിച്ച് 41-ാം നാൾ; പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്!

കാസർകോട്: കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും…

By :  Editor
Update: 2023-01-09 01:07 GMT

കാസർകോട്: കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതു കരളിനെ ബാധിച്ചതിനെത്തുടർന്നാണു മരണമെന്നു പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനയാണ് ആത്മഹത്യയിലേക്ക് അന്വേഷണം എത്തിച്ചത്. പൊലീസ് യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി. അഞ്ജുവിന്റെ ഫോൺ പരിശോധിച്ചു. ഇതിൽ നിന്നാണ് അഞ്ജുവിന്റെ പ്രണയത്തെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. രണ്ടു കൊല്ലമായി അഞ്ജുവിന് ഒരു യുവാവിനെ ഇഷ്ടമായിരുന്നു. ആ യുവാവ് കാൻസർ ബാധിച്ച് അകാലത്തിൽ മരിച്ചു. ഈ വിയോഗം താങ്ങാൻ അഞ്ജുവിനായില്ല. കാമുകൻ മരിച്ച് നാൽപ്പത്തിയൊന്നാം ദിവസമായിരുന്നു അഞ്ജു വിഷം കഴിച്ചത്. എല്ലാവരോടും യാത്ര പറയുന്നുവെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും എഴുതിയാണ് അഞ്ജു ജീവിതം അവസാനിപ്പിച്ചത്. കാമുകന് കാൻസർ വന്നതും മരണവുമെല്ലാം അഞ്ജുവിന്റെ വീട്ടുകാർക്കും അറിയാമായിരുന്നു.

കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രാസപരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. അതേസമയം, അഞ്ജുശ്രീ മംഗളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതാണെന്ന ആരോപണം ആദ്യം ഉയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥി ഓൺലൈനായി ഓർഡർ ചെയ്ത ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യ വിഭാഗവും ഭക്ഷ്യ വിഭാഗവും ഹോട്ടൽ അടപ്പിക്കുകയും ചെയ്തിരുന്നു. അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും കൂടി ഡിസംബർ 31 ന് കുഴി മന്തി, മയോണൈസ്, ഗ്രീൻ ചട്ണി ചിക്കൻ 65, എന്നിവ കാസർഗോഡ് അടുക്കത്ത് ബയൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നു ഓൺലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയായിരുന്നു. ഇത് മരണകാരണമല്ലെന്ന് തെളിയിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് നിർണ്ണായകമായത്.

ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിരുന്നു. പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്‌മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചത്.

Tags:    

Similar News