വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍; സംഘം കൈക്കലാക്കിയത് 596 പവൻ

കൂളിക്കുന്ന് സ്വദേശി ജിന്നുമ്മ എന്ന ഷെമീമ (38), ഭര്‍ത്താവ് ഉബൈദ്, പൂച്ചക്കാട് സ്വദേശി അന്‍സിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Update: 2024-12-05 06:49 GMT

കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.

മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38) രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38) മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂരുകാരി ആയിഷ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിന്റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വര്‍ണ്ണം ജ്വല്ലറികളില്‍ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വര്‍ണ്ണ വ്യാപാരികളില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.

2023 ഏപ്രില്‍ 14-നാണ് ഗഫൂര്‍ ഹാജിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയം ഗഫൂര്‍ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ സംശയമുള്ളതിനാല്‍ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്.

ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ റംസാന്‍ മാസത്തിലെ 25-ാം നാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തി. സ്വര്‍ണത്തിൻ്റെ കണക്കെടുത്തപ്പോള്‍ ഗഫൂർ ഹാജിക്ക് സ്വന്തമായുള്ളതും ബന്ധുക്കളില്‍നിന്ന് വായ്പ വാങ്ങിയതും ഉൾപ്പെടെ ആകെ 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ മകന്‍ മുസമ്മില്‍ പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നല്‍കി. തുടർന്ന് ബേക്കല്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 2023 എപ്രില്‍ 27-ന് ഖബറിടത്തില്‍ നിന്നും ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടവും നടത്തി. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

പിതാവിന്റെ മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്റെ മകന്‍ ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചത്. സംഭവത്തില്‍ ഗഫൂറിന്റെ കുടുംബാംഗങ്ങളും കര്‍മസമിതിയും നാട്ടുകാരും ഉള്‍പ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ജിന്നുമ്മയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. മരിച്ച ഗഫൂര്‍ ഹാജിയും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു. ഗഫൂറില്‍നിന്നും മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

Tags:    

Similar News