മയക്കുമരുന്ന് ഉപയോഗവും വിൽപനയും; മംഗളൂരുവിൽ മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ

മംഗളൂരു: മയക്കുമരുന്ന് ഉപയോഗത്തിനും വിൽപന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ. ഇവരിൽ അഞ്ച് പേർ പുരുഷന്മാരും നാല് പേർ സ്ത്രീകളുമാണ്. അത്താവാരയിലെ സ്വകാര്യ…

By :  Editor
Update: 2023-01-12 00:17 GMT

മംഗളൂരു: മയക്കുമരുന്ന് ഉപയോഗത്തിനും വിൽപന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ. ഇവരിൽ അഞ്ച് പേർ പുരുഷന്മാരും നാല് പേർ സ്ത്രീകളുമാണ്. അത്താവാരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കാസർഗോഡ് സ്വദേശിയുമായ സെമീർ, കാസർഗോഡ് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി നാദിർ സിറാജ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഡൽഹി, എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ വിദ്യാർത്ഥികളും ഡോക്ടർമാരുമാണ് അറസ്റ്റിലായത്.

നീൽ കിഷോരിലാൽ റാംജി ഷാ എന്ന പ്രതിയെ ബണ്ട്സ് ഹോസ്റ്റലിൽ നിന്ന് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെ പിടികൂടിയത്. 15 വർഷമായി മംഗലാപുരത്ത് താമസിക്കുന്ന നീൽ യുകെ പൗരനും ഇന്ത്യൻ വിദേശ പൗരനുമാണെന്ന് പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. ഒരു ഡെന്റൽ കോളേജിൽ പഠനം തുടരുന്ന ഇയാൾ കഴിഞ്ഞ 15 വർഷമായി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നില്ല.

വിദ്യാർത്ഥികൾക്ക് ഉൾപ്പടെ കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവും രണ്ട് മൊബൈൽ ഫോണുകളും , പണവും പോലീസ് കണ്ടെടുത്തു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ മറ്റ് ഒമ്പത് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു . ഇവരുടെ പക്കൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു. ലഹരി ഉപയോഗത്തിന്റെയും കച്ചവടത്തിന്റെയും തെളിവുകൾ ശേഖരിച്ചതായും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    

Similar News