അരി കിട്ടിയില്ല, വീട് തകർത്ത് അരിശം തീർത്ത് അരിക്കൊമ്പൻ ; നട്ടം തിരിഞ്ഞ് നാട്ടുകാർ

ഇടുക്കി; അരിക്കൊമ്പൻ എന്നു വിളിക്കുന്ന കാട്ടാനയുടെ പരാക്രമത്തിൽ നട്ടം തിരിഞ്ഞ് പൂപ്പാറ നിവാസികൾ. കഴിഞ്ഞ ദിവസം ആനയിറങ്കലിനു സമീപം ശങ്കരപാണ്ഡ്യമെട്ടിൽ 2 വീടുകൾ കാട്ടുകൊമ്പൻ തകർത്തു. വിജയൻ, ബന്ധു…

By :  Editor
Update: 2023-01-23 02:25 GMT

ഇടുക്കി; അരിക്കൊമ്പൻ എന്നു വിളിക്കുന്ന കാട്ടാനയുടെ പരാക്രമത്തിൽ നട്ടം തിരിഞ്ഞ് പൂപ്പാറ നിവാസികൾ. കഴിഞ്ഞ ദിവസം ആനയിറങ്കലിനു സമീപം ശങ്കരപാണ്ഡ്യമെട്ടിൽ 2 വീടുകൾ കാട്ടുകൊമ്പൻ തകർത്തു. വിജയൻ, ബന്ധു മുരുകൻ എന്നിവരുടെ വീടുകളാണ് പുലർച്ചെ നാലിന് തകർത്തത്. കുടുംബാംഗങ്ങൾ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട്ടിലേക്കു പോയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായി.

രണ്ടാഴ്ച മുൻപ് മുരുകന്റെ വീടിനുനേരെ അരിക്കൊമ്പൻ ആക്രമണം നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷണവസ്തുക്കൾ അകത്താക്കിയ ശേഷമാണ് അന്ന് ഒറ്റയാൻ മടങ്ങിയത്. ഇന്നലത്തെ ആക്രമണത്തിൽ മുരുകന്റെ വീട് പൂർണമായി തകർന്നു. ശനി പുലർച്ചെ അരിക്കൊമ്പൻ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് 2 ചാക്ക് അരിയെടുത്തു തിന്നിരുന്നു.

അരിപ്രിയനായ ആന റേഷൻ കടകളിൽ നിന്നും വീടുകളിൽ നിന്നും അരി തിന്നുന്നത് പതിവാണ്. അതിനാലാണ് അരിക്കൊമ്പൻ എന്ന പേരു വീണത്.

ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി അറുപതോളം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പൻ തകർത്തിട്ടുള്ളത്. കൂടാതെ പത്ത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അപകടകാരിയായ ഈ കാട്ടാനയെ മയക്കുവെടി വച്ചു പിടിച്ച് ആനത്താവളത്തിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു വനം മന്ത്രിക്കും ചീഫ് വൈൽഡ്‌ലൈഫ് വാർഡനും കത്തു നൽകിയിട്ടുണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു.

Tags:    

Similar News