കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ
കണ്ണൂർ: ആശുപത്രിയിലേക്ക് വരവെ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തിൽ തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ. മോട്ടോർ വാഹന വകുപ്പിന്‍റേതാണ്…
;കണ്ണൂർ: ആശുപത്രിയിലേക്ക് വരവെ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തിൽ തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ. മോട്ടോർ വാഹന വകുപ്പിന്‍റേതാണ് സുപ്രധാന കണ്ടെത്തൽ. രണ്ട് കുപ്പികളിലായി കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നു. ഇത് വേഗത്തിൽ തീ ആളിപ്പടരാൻ കാരണമായി.
കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ ടി.വി. പ്രജിത്ത് (35), ഭാര്യ കെ. റീഷ (25) എന്നിവരാണ് വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാശുപത്രിക്ക് സമീപം മരിച്ചത്.
പൂർണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരികെയാണ് കാറിന് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന റീഷയുടെ മകൾ ശ്രീ പാർവതി മാതാപിതാക്കളായ കുഴിക്കൽ വിശ്വനാഥൻ, ശോഭന, ബന്ധു സജന എന്നിവർ രക്ഷപ്പെട്ടിരുന്നു. ഭാര്യയോടൊപ്പം പ്രജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാനാകാതെ കാറിൽ കുടുങ്ങുകയായിരുന്നു. സ്റ്റിയറിങ് ബോക്സിൽ നിന്നാണ് ആദ്യം പുകയുയർന്നത്. വണ്ടിയിൽ സൂക്ഷിച്ചിരുന്ന പെട്രോളിലേക്ക് തീ പടർന്നതിനാൽ ഇരുവരുടെയും ശരീരത്തിലേക്ക് തീപിടിച്ചു.
2020 മോഡൽ കാറിൽ കാമറയും സ്ക്രീനും സ്റ്റീരിയോ ബോക്സും അധികമായി ഘടിപ്പിച്ചിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഫ്യൂസ് പോകാതെ വാഹനം കത്തിയമർന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് വിലയിരുത്തൽ. വയറുകളിൽനിന്ന് അധിക കണക്ഷൻ എടുക്കുമ്പോൾ കൃത്യമായി ഇൻസുലേഷൻ നടത്താത്തതാവാം തീപടരാൻ കാരണം. ഒരുവിളിപ്പാട് അകലെയുള്ള കണ്ണൂർ ഫയർ സ്റ്റേഷനിൽനിന്ന് ആളുകളെത്തി തീയണക്കുമ്പോഴേക്കും ഇരുവരും വെന്തുമരിച്ചിരുന്നു