വടക്കനമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; വെടിവച്ചിട്ടു: അതീവ ജാഗ്രത
വാഷിങ്ടണ്‍: വടക്കന്‍ അമേരിക്കന്‍ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു. യു.എസ്. യുദ്ധവിമാനം വീണ്ടുമൊരു അജ്ഞാത വസ്തുകൂടി ഞായറാഴ്ച വെടിവെച്ചിട്ടു. യു.എസ്. കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിനു…
വാഷിങ്ടണ്‍: വടക്കന്‍ അമേരിക്കന്‍ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു. യു.എസ്. യുദ്ധവിമാനം വീണ്ടുമൊരു അജ്ഞാത വസ്തുകൂടി ഞായറാഴ്ച വെടിവെച്ചിട്ടു. യു.എസ്. കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിനു മേലെയാണ് വസ്തു കണ്ടെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിവെച്ചിടാന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് എഫ്. 16 പോര്‍വിമാനങ്ങളുപയോഗിച്ച് നിര്‍വീര്യമാക്കുകയായിരുന്നു.
ചരടുകള്‍ തൂങ്ങിക്കിടക്കുന്ന വിധത്തില്‍ അഷ്ടഭുജ ആകൃതിയിലാണ് പുതിയതായി കണ്ടെത്തിയ വസ്തു. അമേരിക്കന്‍ ഭൗമോപരിതലത്തില്‍നിന്ന് ഏകദേശം ആറായിരം മീറ്റര്‍ ഉയരത്തിലായിരുന്നു ഇതുണ്ടായിരുന്നത്. അമേരിക്കന്‍ നീക്കങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്നതാണോ വസ്തു എന്ന് ഉറപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചിട്ടതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
റഡാര്‍ വഴി വസ്തുവിനെ അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആളുകളെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് തടാകത്തിനു മുകളിലെത്തിയതിനു പിന്നാലെ വെടിവെപ്പ് നടത്തിയത്. കഴിഞ്ഞദിവസം അലാസ്‌കന്‍ ആകാശത്ത് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവെച്ചിട്ടതിനു പിന്നാലെ കാനഡയുടെ വ്യോമമേഖലയിലൂടെ പറന്ന അജ്ഞാതപേടകത്തെയും യു.എസ്. യുദ്ധവിമാനം തകര്‍ത്തിരുന്നു. യു.എസ്.-കാനഡ സംയുക്തദൗത്യത്തിന്റെ ഭാഗമായാണ് യു.എസ്. യുദ്ധവിമാനമായ എഫ്-22വില്‍നിന്ന് തൊടുത്ത എ.ഐ.എം. 9 എക്‌സ് മിസൈല്‍ ശനിയാഴ്ച പേടകത്തെ വെടിവെച്ചിട്ടത്. ചെറിയ സിലിണ്ടര്‍ ആകൃതിയുള്ള പേടകം കാനഡ-യു.എസ്. അതിര്‍ത്തിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് പതിച്ചത്.
അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ദുരൂഹതയുണര്‍ത്തി ആകാശവസ്തുക്കള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പേടകത്തെ വെടിവെച്ചിടാന്‍ താന്‍ ഉത്തരവിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുമെന്നും ട്രൂഡോ പറഞ്ഞു. ജനുവരി 30-ന് കാനഡയുടെ വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ ഫെബ്രുവരി നാലിന് യു.എസ്. വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം അലാസ്‌കന്‍ ആകാശത്ത് കണ്ട അജ്ഞാതവസ്തുവിനെയും വെടിവെച്ചിട്ടു. അതിനുശേഷമാണ് കാനഡയുടെ വ്യോമമേഖലയില്‍ അജ്ഞാതവസ്തുവിനെ കണ്ടത്. അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് 40,000 അടി ഉയരത്തില്‍ പറന്ന പേടകം കാനഡയുടെ വ്യോമപാതയില്‍ സുരക്ഷാഭീഷണിയുണ്ടാക്കിയെന്ന് കനേഡിയന്‍ പ്രതിരോധമന്ത്രി അനിതാ ആനന്ദ് വ്യക്തമാക്കി.