കുട്ടനാട്ടിലെ സി.പി.എം ഏറ്റുമുട്ടൽ; അഞ്ചുപേര്‍ അറസ്റ്റില്‍

കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക വിഭാഗവും വിമതപക്ഷവും തെരുവില്‍ ഏറ്റുമുട്ടി നേതാക്കള്‍ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വേഴപ്ര കോളനി…

By :  Editor
Update: 2023-02-13 22:31 GMT

കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക വിഭാഗവും വിമതപക്ഷവും തെരുവില്‍ ഏറ്റുമുട്ടി നേതാക്കള്‍ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വേഴപ്ര കോളനി നമ്പര്‍ 145ല്‍ കിഷോര്‍ (44), കാപ്പിശ്ശേരില്‍ സജികുമാര്‍ (47), കാപ്പിശ്ശേരില്‍ ചന്ദ്രന്‍ (72), കുഴിക്കാല കോളനി 15ൽ ലൈജപ്പന്‍ (48), പുന്നപ്പറമ്പില്‍ ലക്ഷംവീട്ടില്‍ അനീഷ് (43) എന്നിവരാണ് അറസ്റ്റിലായത്. കിഷോറിന്​ തലയില്‍ പരിക്കുണ്ട്. സംഭവത്തില്‍ ശരവണൻ, രഞ്ജിത്​ എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട്​ മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷന്​ സമീപമാണ് സംഘര്‍ഷത്തിന്‍റെ തുടക്കം. വേഴപ്രയില്‍നിന്നുള്ള സി.പി.എം വിമത വിഭാഗത്തില്‍പ്പെട്ടവരും ഔദ്യോഗിക പക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് രാമങ്കരിയില്‍ വെച്ചും സംഘര്‍ഷമുണ്ടായി.

രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക്​ തലക്ക്​ പരിക്കേറ്റു. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഔദ്യോഗികപക്ഷം ആരോപിച്ചു. രാത്രി വൈകി തുടരാക്രമണവുമുണ്ടായി. ഇതില്‍ വിമതപക്ഷത്തിലെ ചിലര്‍ക്കും പരിക്കേറ്റു.

വി.എസ്.-പിണറായി ഗ്രൂപ്പുയുദ്ധം ശക്തമായിരുന്നപ്പോഴും കുട്ടനാട്ടിൽ സി.പി.എമ്മിലെ പോര് ചോരക്കളിയിലെത്തിയിരുന്നില്ല. എന്നാലിപ്പോൾ അവിടെ വിഭാഗീയത വളർന്ന് പരസ്പരംവെട്ടുന്ന സ്ഥിതിയിലെത്തി.സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നതിന്റെ തിരിച്ചടിയാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്കു കാരണമെന്നു പറയുന്നു.

Tags:    

Similar News