ബ്രഹ്മപുരത്തെ വിഷപ്പുകയ്ക്കു ശമനമില്ല; ഒരാഴ്ചയ്ക്കിടെ ആശുപത്രിയില്‍ എത്തിയത് 300-ല്‍ അധികം പേര്‍ ; ചികിത്സ തേടുന്നവര്‍ കൂടി

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുകയ്ക്കു ശമനമാകാതെ വന്നതോടെ എറണാകുളം ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. നിരവധി പേരാണു ചികിത്സ തേടി ദിവസവും ആശുപത്രിയില്‍…

By :  Editor
Update: 2023-03-11 02:35 GMT

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുകയ്ക്കു ശമനമാകാതെ വന്നതോടെ എറണാകുളം ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. നിരവധി പേരാണു ചികിത്സ തേടി ദിവസവും ആശുപത്രിയില്‍ എത്തുന്നത്.

നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവരുടെ എണ്ണം 300-ല്‍ അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. ശ്വാസകോശ വിഭാഗത്തിലും ജനറല്‍ ഒ.പിയിലും ശിശുരോഗ വിഭാഗത്തിലുമാണു കൂടുതല്‍ പേര്‍ ചികിത്സ തേടിയത്. എന്നാല്‍ രോഗികളുടെ കണക്കുകള്‍ ഔദ്യോഗികമായി നല്‍കുന്നുമില്ല. പുകയുടെ വ്യാപ്തി പുറത്തു വരാതിരിക്കാനാണ് ഇത്.

ശ്വാസതടസം, ശ്വാസംമുട്ടല്‍, ഛര്‍ദി, വയറിളക്കം തലവേദന, തൊണ്ടവേദന, ചൊറിച്ചില്‍, ദേഹാസ്വാസ്ഥ്യം തുടങ്ങിയ രോഗ ലക്ഷണങ്ങളുമായാണു കൂടുതല്‍ പേരും ചികിത്സ തേടിയെത്തുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിടും.

കിടത്തിച്ചികിത്സിപ്പിക്കാനും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു താല്‍പ്പര്യമില്ല. നിരവധി പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ ജില്ലാ ആരോഗ്യ വകുപ്പിനു നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ആരോഗ്യവകുപ്പ് ഇതു പുറത്തുവിടുന്നില്ല.

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കാനുള്ള പ്രയത്‌നം തുടരുന്നതിനിടെ മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും മാലിന്യപ്ലാന്റ് സന്ദര്‍ശിച്ചു. ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. ഫയര്‍ ഫോഴ്‌സുള്‍പ്പടെ എല്ലാ വകുപ്പുകളും മികച്ച പ്രവര്‍ത്തനമാണു കാഴ്ചവച്ചതെന്നും പഞ്ചായത്ത് കൂട്ടായ പ്രവര്‍ത്തനം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. തീ ഇനിയും പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.പുകയ്ക്കു നേരിയ ശമനമായെങ്കിലും നഗരത്തില്‍ പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധം നിലനില്‍ക്കുന്നുണ്ട്.

ആസ്ത്മയും അനുബന്ധ അസുഖങ്ങളുമുള്ളവരും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരില്‍ കൂടുതല്‍. മറ്റു ജില്ലകളില്‍നിന്നെത്തി നഗരത്തിലും പരിസരത്തും മക്കള്‍ക്കൊപ്പം താമസിക്കുന്ന പ്രായമേറിയ പലരും ശ്വാസംമുട്ടലിനെ തുടര്‍ന്നു സ്വന്തം നാടുകളിലേക്കു മടങ്ങി.

എഴുപതു ശതമാനത്തോളം തീയണയ്ക്കാനായി എന്നാണു വിലയിരുത്തല്‍. തിരുവനന്തപുരത്തു നിന്നും കണ്ണൂര്‍ വരെയുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്‌നിരക്ഷാ സേനാംഗങ്ങളെയാണു ബ്രഹ്മപുരത്തു വിന്യസിച്ചത്.

അഗ്‌നിരക്ഷാ സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ക്കു പുറമേ ആലപ്പുഴയില്‍നിന്ന് എത്തിച്ചിട്ടുള്ള മൂന്ന് ഉയര്‍ന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു മിനിറ്റില്‍ 60,000 ലിറ്റര്‍ എന്ന തോതില്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്.

Tags:    

Similar News