വിദേശ വനിതയില്‍ ജനിച്ച മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാന്‍ കഴിയില്ല, അത് സത്യമാണെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചു; പ്രഗ്യാ ഠാക്കൂര്‍

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എം.പി പ്രഗ്യാ ഠാക്കൂര്‍. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് പ്രഗ്യയെ പ്രകോപിതനാക്കിയത്.…

By :  Editor
Update: 2023-03-12 00:50 GMT

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എം.പി പ്രഗ്യാ ഠാക്കൂര്‍. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് പ്രഗ്യയെ പ്രകോപിതനാക്കിയത്. വിദേശമണ്ണില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനാണ് രാഹുല്‍ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

‘ഒരു വിദേശ വനിതയില്‍ നിന്ന് ജനിച്ച മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാന്‍ കഴിയില്ല എന്ന് ചാണക്യ പറഞ്ഞതായും അത് സത്യമാണെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചു എന്നും പ്രഗ്യ ആരോപിച്ചു. നിങ്ങളുടെ അമ്മ ഇറ്റലിയില്‍ നിന്നുളളവരായതിനാല്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. വിദേശത്ത് ഇരുന്നുകൊണ്ട് നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന്. ഇതിലും നാണക്കേട് മറ്റൊന്നില്ല. രാഹുലിന് രാഷ്ട്രീയത്തില്‍ അവസരം നല്‍കരുത്, രാജ്യത്തിന് പുറത്തേക്ക് തളളണം’- പ്രഗ്യ പറഞ്ഞു.

‘പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് കോണ്‍ഗ്രസാണെന്നും പ്രഗ്യ ആരോപിച്ചു. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിച്ചാല്‍ അവിടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. കൂടുതല്‍ ജോലിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കില്ല, അവരുടെ നിലനില്‍പ്പ് അവസാനിക്കുന്നതിന്റെ വക്കിലാണ്, ഇപ്പോള്‍ അവരുടെ മനസ് ദു:ഖിച്ചിരിക്കുകയാണ്’- പ്രഗ്യ കൂട്ടിച്ചേര്‍ത്തു.

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ 21 ാം നൂറ്റാണ്ടില്‍ അറിയാന്‍ പഠിക്കുക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവെ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രാഹുല്‍ ഗാന്ധി വിവരിച്ചതായിരുന്നു ബിജെപിയെ ചൊടിപ്പിച്ചത്.

രാജ്യത്ത് ജനാധിപത്യത്തിന്റെ വിശാലത പരിമിതപ്പെടുത്തുകയാണെന്നും അതിന്റെ അടിസ്ഥാന ഘടന തന്നെ ആക്രമിക്കപ്പെടുകയാണെന്നും പറഞ്ഞ അദ്ദേഹം ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്ട്‌വെയറായ പെഗാസസ് ഉപയോഗിച്ച് തനിക്കെതിരെ ചാരവൃത്തി നടത്തുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ മാധ്യമങ്ങളെയും ജുഡീഷ്യറിയെയും പിടിച്ചെടുക്കുക, നിയന്ത്രിക്കുക, നിരീക്ഷണം ഏര്‍പ്പെടുത്തുക, ന്യൂനപക്ഷങ്ങള്‍ ,ദളിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരെയുളള ആക്രമണം തുടങ്ങിയവയൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി തന്റെ പ്രഭാഷണത്തില്‍ ആരോപിച്ചിരുന്നു.

Tags:    

Similar News