ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശം അംഗീകരിച്ചിരുന്നെങ്കിൽ ബ്രഹ്മപുരം ഉണ്ടാകുമായിരുന്നില്ല, ചിലരുടെ അഴിമതിയോടുള്ള സ്നേഹമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ശ്രീനിവാസൻ

കൊച്ചിയെ വിഷപ്പുകയിൽ അമർത്തിയ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അഴിമതിയോടുള്ള സ്നേഹമാണെന്ന് നടൻ ശ്രീനിവാസൻ. മനോരമ ലൈവിനോട് സംസാരിക്കുമ്പോൾ ആണ് ശ്രീനിവാസൻ ഇക്കാര്യം തുറന്നു…

By :  Editor
Update: 2023-03-13 05:19 GMT

കൊച്ചിയെ വിഷപ്പുകയിൽ അമർത്തിയ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അഴിമതിയോടുള്ള സ്നേഹമാണെന്ന് നടൻ ശ്രീനിവാസൻ. മനോരമ ലൈവിനോട് സംസാരിക്കുമ്പോൾ ആണ് ശ്രീനിവാസൻ ഇക്കാര്യം തുറന്നു പറഞ്ഞത്. മാലിന്യ സംസ്കരണത്തിന് തന്റെ സുഹൃത്തും നി‍ർമാതാവുമായ ഗുഡ്നൈറ്റ് മോഹൻ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചിരുന്നെന്നും എന്നാൽ അഴിമതിയെ സ്നേഹിച്ചവർ‍ ആ നിർദ്ദേശം തള്ളുകയായിരുന്നെന്നും ശ്രീനിവാസൻ പറഞ്ഞു.

വിദേശത്തു നിന്ന് മെഷിനറി ഇറക്കി മാലിന്യം സംസ്കരിക്കാമെന്നും അതിന്റെ ബൈ പ്രൊഡക്റ്റ് തന്നാൽ മതിയെന്നും ആയിരുന്നു ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശം. എന്നാൽ, പത്ത് ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് അത് നൂറ് ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാൽ നഗരസഭ ഇത് അംഗീകരിച്ചില്ല. വർഷങ്ങൾക്ക് മുമ്പാണ് ന​ഗരസഭയ്ക്ക് മുന്നിൽ ​ഗുഡ്നൈറ്റ് മോ​ഹൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്നും ശ്രീനിവാസൻ പറഞ്ഞു.

ബ്രഹ്മപുരം വിഷയത്തിൽ കൊച്ചിയിൽ താമസിക്കുന്ന നിരവധി താരങ്ങൾ പ്രതികരണവുമായി എത്തി. അധികൃതർക്ക് ബ്രഹ്മപുരത്ത് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് രൺജി പണിക്കർ പറഞ്ഞു. ഇത്രയധികം മാലിന്യം സംഭരിച്ചു വെക്കുന്നത് കുറ്റകൃത്യം ആണെന്നും കൊച്ചി വിട്ടുപോകാൻ ഇടമില്ലാത്തവർ എന്ത് ചെയ്യുമെന്നും അദ്ദേഹം ഒരു വാർത്താചാനലിനോട് സംസാരിക്കവെ ചോദിച്ചിരുന്നു. പുക കാരണം ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടെന്നും പ്രശ്നം പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്ക് ഉണ്ടെന്ന് മമ്മൂട്ടിയും പ്രതികരിച്ചിരുന്നു.

Tags:    

Similar News