അപകീര്‍ത്തി കേസില്‍ കുറ്റക്കാരന്‍; രാഹുല്‍ ഗാന്ധിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ

സൂറത്ത്: മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി. കേസില്‍ രാഹുല്‍…

By :  Editor
Update: 2023-03-23 00:48 GMT

സൂറത്ത്: മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി. കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി. അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ ഗാന്ധിക്കു ജാമ്യം അനുവദിച്ചു.

വിധി പറയുന്നതിനു മുമ്പായി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് താക്കൂര്‍, അമിത് ചാവ്ഡ, അര്‍ജുന്‍ മോദ്‌വാഡിയ എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി.

കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍, പ്രസ്താവനയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2019 ഏപ്രിൽ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് രാഹുൽ ഗാന്ധി പരമാർശം നടത്തിയത്. ‘‘എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’’– രാഹുൽ ഗാന്ധി പറഞ്ഞു. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്നു പറഞ്ഞ രാഹുൽ, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്ന് പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു. ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുൻപ് സ്റ്റേ നീക്കി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയിലെ അന്തിമവാദത്തിനു ശേഷം ഇന്ന് വിധിപറയാൻ മാറ്റുകയായിരുന്നു. സിആര്‍പിസി 202ാം വകുപ്പ് പ്രകാരമുള്ള നിയമനടപടികള്‍ പാലിക്കാത്തതിനാല്‍ കോടതി നടപടിയില്‍ തുടക്കം മുതല്‍ പിഴവുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചു.

Tags:    

Similar News