ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം: കാരണം വ്യക്തമല്ല; പ്രദേശത്ത് വ്യാപക പുക"കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക്
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും അഗ്നിബാധ. ഫയർഫോഴ്സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിൽ. കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സെക്ടർ ഏഴിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ചയോളം നീണ്ടുനിന്ന…
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും അഗ്നിബാധ. ഫയർഫോഴ്സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിൽ. കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സെക്ടർ ഏഴിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ചയോളം നീണ്ടുനിന്ന തീപിടുത്തത്തിെൻറ പുകയൊഴിയും മുൻപെയാണ് വീണ്ടും അഗ്നിബാധ. പുതിയ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അതിജാഗ്രത പുലർത്തുകയാണ്. വീണ്ടും തീപിടിത്തം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത മുൻകരുതൽ സ്വീകരിച്ചതിനാൽ ഇത്തവണ തീ ഉടൻ നിയന്ത്രണ വിധേയമാകുമെന്നാണ് കരുതുന്നത്.
പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതിൽ നിന്നുമാണ് തീ പടർന്നത്. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാൻ സാധിക്കുക. വെള്ളം പമ്പ് ചെയ്യുന്നതിനു പുറമെ, മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാലിന്യനീക്കി തീ അണക്കാനുള്ള ശ്രമവും നടക്കുന്നത്.
നേരത്തെ മാർച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാർച്ച് 13നാണ് പൂർണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപിടിത്തം സൃഷ്ടിച്ച ദുരിതത്തിൽ നിന്നും രക്ഷപ്പെട്ട് വന്നതെയുള്ളൂ.
ബ്രഹ്മപുരത്തെ തീയും പുകയും തത്ക്കാലം അണഞ്ഞെങ്കിലും ജനങ്ങളുടെ ആശങ്കയും ഭീതിയും ദുരിതവും അണയുന്നില്ല. നേരത്തെയുള്ള തീയും പുകയും അണഞ്ഞതിനു ശേഷം വായുവിലും കുടിവെള്ള സ്രോതസ്സുകളിലുമുണ്ടായ ഗുരുതരമായ മലിനീകരണം ഗർഭിണികൾ, വൃദ്ധജനങ്ങൾ, കുട്ടികൾ എന്നിവരെ വളരെ ദോഷകരമായി ബാധിച്ചതായാണ് വിലയിരുത്തൽ. സസ്യങ്ങൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ, നാടൻ മത്സ്യങ്ങൾ തുടങ്ങിയവയെയും മലിനീകരണം ദോഷകരമായി ബാധിച്ചതായി നാട്ടുകാർ പറയുന്നു.