ഇന്നസെന്റ് എവിടെയും പോയില്ല ‘നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്നും കൂടെത്തന്നെ ഉണ്ടാവും’ വികാരഭരിതമായി മോഹന്‍ലാലിന്റെ കുറിപ്പ്
ഇന്നസെന്റ് എവിടെയും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണുമെന്നും ഇന്നസെന്റിന്റെ മരണത്തില്‍…
;
ഇന്നസെന്റ് എവിടെയും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണുമെന്നും ഇന്നസെന്റിന്റെ മരണത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും താരം പറയുന്നു. താരം ഉള്‍പ്പെടെ അനേകം നടന്മാരുമായി അഗാധ സൗഹൃദം ഉണ്ടായിരുന്നയാളാണ് ഇന്നസെന്റ്.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്‍ ഇന്നസെന്റിന്റെ അന്ത്യം. നായകനും സഹതാരവുമായി മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മോഹന്‍ലാലും ഇന്നസെന്റും. കിലുക്കം, ദേവാസുരം, വിയറ്റ്നാം കോളനി, പക്ഷേ, രസതന്ത്രം, മിഥുനം തുടങ്ങി ഇരുവരും ചേര്‍ന്നുള്ള അനേകം കോമ്പോസീനുകളാണ് മലയാളികളുടെ ഓര്‍മ്മകളില്‍ നില നില്‍ക്കുന്നത്. നാളെ രാവിലെ ഇന്നസെന്റിന്റെ നാടായ ഇരിങ്ങാലക്കുടയിലാണ് സംസ്ക്കാരം നടക്കുക.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...