കോൺഗ്രസിനുള്ളിലെ കലഹത്തിനിടയിലും വന്നല്ലോ; പരിപാടിക്കിടെ അശോക് ഗെഹ്ലോട്ടിനെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജസ്ഥാൻ കോൺഗ്രസിൽ കലഹം നടക്കുന്നതിനിടയിലും വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര…
;ന്യൂഡൽഹി : രാജസ്ഥാൻ കോൺഗ്രസിൽ കലഹം നടക്കുന്നതിനിടയിലും വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെഹ്ലോട്ടിനെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. വീഡിയോ കോൺഫൻസിലൂടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിരവധി രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ വികസന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അശോക് ഗെഹ്‌ലോട്ടിനോട് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പരിപാടിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ജയ്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
രാജസ്ഥാൻ കോൺഗ്രസിൽ സച്ചിൻ പൈലറ്റ് ഉയർത്തുന്ന പ്രശ്‌നങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് നേരത്തേ ഗെഹ്ലോട്ടിനെതിരേ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച ആവശ്യമുയർത്തിയിട്ടും ഗെഹ്‌ലോട്ട് ഗൗനിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം സച്ചിൻ നിരാഹാരമാരംഭിച്ചു. ഇത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.