ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി; കണ്ടെത്തുന്നത് 11–ാം ദിവസം

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി സ്വദേശി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തിയെന്ന് വിവരം. തട്ടിക്കൊണ്ടുപോയി 11–ാം ദിവസമാണ് കണ്ടെത്തുന്നത്. ഷാഫിയുടെ…

By :  Editor
Update: 2023-04-17 04:47 GMT

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി സ്വദേശി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തിയെന്ന് വിവരം. തട്ടിക്കൊണ്ടുപോയി 11–ാം ദിവസമാണ് കണ്ടെത്തുന്നത്. ഷാഫിയുടെ ശരീരത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഷാഫിയെ ആരാണ് തട്ടിക്കൊണ്ടുപോയതെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. രാത്രി ആയുധങ്ങളുമായി വാഹനത്തിലെത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഷാഫിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത്, ഹവാല സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സംശയമുണ്ടായിരുന്നു.

നേരത്തേ ഷാഫിയുടെ വിഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്വർണക്കടത്തു സംഘമാണു സംഭവത്തിനു പിന്നിലെന്നും, സൗദി രാജകുടുംബത്തിൽ നിന്നു കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിലയായ 80 കോടി രൂപയിൽ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണു തന്നെ തട്ടിക്കൊണ്ടു പോയതെന്നും വിഡിയോയിൽ വ്യക്തമാക്കിയ ഷാഫി, എല്ലാറ്റിനും പിന്നിൽ സഹോദരൻ നൗഫൽ ആണെന്നും ആരോപിച്ചിരുന്നു.

Tags:    

Similar News